കോട്ടയം: കെ-റെയിൽ കൊണ്ടുവരുമെന്ന് പറയുന്നവർക്ക് ഈ തെരഞ്ഞെടുപ്പിലും ജനം തിരിച്ചടി നൽകണമെന്ന് പ്രൊഫ. സി ആർ നീലകണ്‌ഠൻ. കെ റെയിൽ വിരുദ്ധ സമര സമിതി കോട്ടയത്ത് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളക്ട്രേറ്റ് പടിക്കൽ നിന്ന് തിരുനക്കര ഗാന്ധി സ്ക്വയർ വരെയായിരുന്നു മാർച്ച്. മാടപ്പള്ളി നിവാസികളും സമരസമിതി ഭാരവാഹികളും പങ്കെടുത്തു (K Rail Protest march in Kottayam).
കെ-റെയിൽ വേണമെന്നു പറയുന്നവർക്ക് തൃക്കാക്കരയിലും പുതുപ്പള്ളിയിലും തിരിച്ചടി നൽകിയതുപോലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ജനം തിരിച്ചടി നൽകണമെന്ന് സി ആര്‍ നീലകണ്‌ഠൻ പറഞ്ഞു. ശമ്പളം കൊടുക്കാനും പെൻഷൻ നൽകാനും പണമില്ലാത്ത സർക്കാരാണ് കെ റെയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. കെ റെയിലുയർത്തുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങൾ വളരെ വലുതായിട്ടും അത് മനസിലാക്കാതെ പദ്ധതിയുമായി മുന്നോട്ട് വരുന്നവർക്ക് വോട്ടില്ലെന്ന് പറയാൻ ജനം തയാറാകണമെന്നും നീലകണ്‌ഠൻ പറഞ്ഞു (C R Neelakandan).
Also Read: കെ റെയിലിൽ നിന്ന് പുറകോട്ടില്ല ; സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ
കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർ ലൈൻവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെറെയിൽ വിരുദ്ധ സമരത്തിൽ സമര സമിതി കൺവീനർ ജയിംസ് കുട്ടൻ ചിറ, സമിതി രക്ഷാധികാരി ജോസഫ് എം പുതുശേരി, വി.ജെ. 'ലാലി, സിബി കെ. ജോൺ, മിനി കെ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു (Election).