തൃശൂർ : സംസ്ഥാനത്ത് വോട്ട് മറിയ്ക്കാൻ എൽഡിഎഫിന് ബിജെപിയുമായി ഡീൽ എന്ന് കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ. എല്ലായിടത്തും വോട്ട് മറിക്കുമെന്ന ഡീൽ ഇപ്പോഴും സജീവമാണ്. തൃശൂരിൽ മാത്രം ബിജെപിക്ക് വേണ്ടി എൽഡിഎഫ് വോട്ട് മറിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടകര ഉൾപ്പെടെ മണ്ഡലങ്ങളിലെ വോട്ട് ബിജെപി സിപിഎമ്മിന് വോട്ടു മറിക്കും. കേരളത്തിൽ എന്തൊക്കെ ഡീൽ നടത്തിയാലും 20ൽ 20 സീറ്റിലും കോൺഗ്രസ് ജയിക്കും. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ത്രിപുരയിലും കോൺഗ്രസിനൊപ്പം നിൽക്കുന്നു. കോൺഗ്രസിൽ മത്സരിച്ചാണ് കേരളത്തിൽ കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്.
കാരണം ഇടതുപക്ഷത്തിന് നിലപാടെന്നത് ഇല്ല. എല്ലാ ഇടത്തും കോൺഗ്രസിനൊപ്പം കൂട്ടുനിന്ന് കേരളത്തിൽ മാത്രം കോൺഗ്രസിനെതിരെ മത്സരിക്കുകയാണവർ. കോൺഗ്രസിനോട് കൂട്ടുകൂടുകയും കോൺഗ്രസിന് മൃദുഹിന്ദുത്വമെന്ന് പറഞ്ഞ് നടക്കുകയും ചെയ്യുകയാണവർ എന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ നയമില്ലാത്ത മുന്നണിയായ സിപിഎമ്മിനെ ജനങ്ങൾ തള്ളിക്കളയും. എല്ലാ ദിവസവും പിണറായി വിജയൻ ചോദ്യം ചോദിക്കുന്നത് രാഹുൽ ഗാന്ധിയോടാണ്. രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ചാൽ കുടുംബം അകത്താകും എന്ന ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.