കോഴിക്കോട് : താമരശ്ശേരിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് സ്വർണ്ണം കവർന്നതായി പരാതി (Jewellery Robbery) . താമരശ്ശേരി പൊലീസ് സ്‌റ്റേഷന് സമീപം ദേശീയപാതയോരത്തെ റന ഗോൾഡിലാണ് കവർച്ച നടന്നത്. 40 പവനോളം സ്വർണം മോഷ്‌ടിക്കപ്പെട്ടതായാണ് വിവരം.
കിഴക്കോത്ത് ആവിലോറ സ്വദേശി അബ്‌ദുൽ സലാമിന്‍റെ ഉടമസ്ഥതയിൽ ഉള്ള ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ജ്വല്ലറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്ന കോണിപ്പടിയുടെ ഷട്ടർ തുറന്ന് ജ്വല്ലറിയുടെ ചുമർ തുരന്നാണ് മോഷ്‌ടാക്കൾ അകത്തേക്ക് പ്രവേശിച്ചത്.
ഇന്നലെ രാത്രി (23-01-2024) ഏഴരയോടെയാണ് ഉടമകൾ കട പൂട്ടി പോയത്. ഇന്ന് രാവിലെ (24-01-2024) എട്ട് മണിയോടെ കടയുടെ മുകളിലേക്ക് കയറാൻ എത്തിയ ആളാണ് ആദ്യം ചുമർ തുരന്ന നിലയിൽ കാണുന്നത്. തുടർന്ന് താമരശ്ശേരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.