തിരുവനന്തപുരം: കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തെ വ്യവസായ പരിഷ്ക്കാരങ്ങള്‍ക്ക് ആക്കം കൂട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമെന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ പുരസ്‌കാരം കിട്ടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. നിക്ഷേപകര്‍ക്ക് കേരളത്തില്‍ ആത്മവിശ്വാസം വര്‍ധിച്ചതും സംസ്ഥാനത്തെ ഈ നേട്ടത്തിന് അര്‍ഹമാക്കാന്‍ കാരണമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്‍പത് മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ റാങ്കിലെ ഒന്നാം സ്ഥാനത്തിലൂടെ കേരളത്തിന് ലഭിച്ചത്. വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇന്ത്യയില്‍ ഏറ്റവും പറ്റിയ സംസ്ഥാനമെന്ന നേട്ടം കരസ്ഥമാക്കിയതില്‍ ഏറെ അഭിമാനമുണ്ടെന്നും പിണറായി വിജയന്‍ എക്‌സില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പില്‍ പറഞ്ഞു.
2021ല്‍ ഏറ്റവും അവസാനമായിരുന്ന കേരളമാണ് കേവലം മൂന്ന് വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് കടന്നെത്തിയിരിക്കുന്നത്. 2022ല്‍ കേരളം പതിനഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുപ്പത് പരിഷ്ക്കരണ മേഖലകളിലൂടെയാണ് ഒന്‍പത് വിഭാഗങ്ങളിലെ ഒന്നാം സ്ഥാനത്തേക്ക് കേരളം എത്തിയതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അഞ്ച് വിഭാഗങ്ങളില്‍ ആന്ധ്രയെ പിന്തള്ളാനും കേരളത്തിനായി. വ്യവസായ കേന്ദ്രീകൃത പരിഷ്ക്കാരങ്ങളിലെ രണ്ട് വിഭാഗങ്ങളില്‍ ദേശീയതലത്തില്‍ ഒന്നാംസ്ഥാനവും പൗരകേന്ദ്രീകൃത ഏഴ് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും നേടാനും കേരളത്തിനായി.