എറണാകുളം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ തീരുമാനമെടുക്കുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ. തെരഞ്ഞെടുപ്പിൽ വോട്ടാണ് പ്രധാനമെന്ന് പാർട്ടി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർ ചന്ദ്രശേഖർ.
കഴിഞ്ഞ കുറച്ച് കാലമായി സംഘടനാപരമായ പരിഗണന കോൺഗ്രസിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് ഐഎൻടിയുസി സംസ്‌ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. സ്ഥാനാർഥി നിർണയത്തിൽ ഐഎൻടിയുസിയെ പരിഗണിക്കാനുള്ള വിവേകം പാർട്ടി കാണിക്കണമെന്നും ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. 20 ലക്ഷം അംഗങ്ങളുള്ള ഐഎൻടിയുസി മാത്രമാണ് കോൺഗ്രസ് പാർട്ടിക്ക് കൃത്യമായി വോട്ട് സമാഹരിക്കാൻ കഴിയുന്ന ഏക സംഘടന.
ഇത്തവണയും അർഹമായ പരിഗണന ലഭിക്കുന്നില്ലെങ്കിൽ ഏതറ്റം വരെയും പോകണമെന്നാണ് സംസ്‌ഥാന കമ്മിറ്റിയുടെ അഭിപ്രായമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കഴിഞ്ഞ ദിവസം ഐഎൻടിയുസി സംസ്‌ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. സംഘടനയുടെ ആവശ്യങ്ങൾ അവരുമായി പങ്ക് വച്ചിട്ടുണ്ട്.
തൊഴിലാളി മേഖലകളിലാകെ നിരാശയാണ്. തൊഴിലാളികളുടെ വോട്ട് നേടാൻ കോൺഗ്രസിനും യുഡിഎഫിനും പുതിയ സമീപനവും പുതിയ അജണ്ടയും അനിവാര്യമാണ്. ഇത്തവണയും ഐഎൻടിയുസിയുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെങ്കില്‍ സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകും. മുൻ വർഷങ്ങളിൽ നൽകിയ വാക്ക് പാലിക്കാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
ഇതുകൂടി ഉൾക്കൊണ്ടുള്ള തീരുമാനമാകും ഇത്തവണ കൈക്കൊള്ളുക. 2016ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകിയ ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നിരാശയും വേവലാതിയും ആശങ്കയും നിറഞ്ഞ തൊഴിലാളികളുടെ മനസ് കോൺഗ്രസ് നേതൃത്വം തിരിച്ചറിയണമെന്നും ആർ.ചന്ദ്രശേഖരൻ പറഞ്ഞു. സിറ്റിങ് എംപിമാർക്കെല്ലാം സീറ്റ് എന്ന കാഴ്ച്ചപ്പാട് പാർട്ടിക്കുണ്ടെന്ന് ഐഎൻടിയുസിക്ക് ബോധ്യപ്പെട്ടിട്ടില്ല.
സീറ്റുകൾക്കെല്ലാം പരിധി നിശ്ചയിക്കേണ്ട കാലം കഴിഞ്ഞു. സീറ്റുകൾ നൽകുന്നതിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. വനിതകള്‍ അടക്കമുള്ള നേതാക്കള്‍ മുന്നോട്ട് വരണമെന്ന് രാഹുൽ ഗാന്ധി പോലും പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റിങ് എംപിമാർക്ക് സ്‌ഥിരമായി സീറ്റ് നൽകുന്നതിനോട് ഐഎൻടിയുസിക്ക് താത്പര്യമില്ല. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഐഎൻടിയുസിക്ക് പരിഗണന ലഭിക്കുമെന്നത് പ്രതീക്ഷയും അവകാശവുമാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരും തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന സമരത്തിന് നാളെ (ജനുവരി 23) ചേരുന്ന സംയുക്ത തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി തീരുമാനമെടുക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. തൊഴിലാളി സംഘടനകൾ സംയുക്തമായി അടുത്ത മാസം 14ന് കേന്ദ്ര സർക്കാറിനെതിരെ പണിമുടക്ക് ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ്. എന്നാല്‍ പാർലമെൻ്റ് തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെ കേരളത്തിൽ പണിമുടക്ക് സമരത്തിനില്ലെന്നാണ് ഐഎൻടിയുസി നിലപാട്.
സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്‍റ് സമ്പൂർണ പരാജയമാണ്. ക്ഷേമനിധി ബോർഡുകൾ നാമാവശേഷമായി. ഇതിന് പരിഹാരം കാണണമെന്ന് ധനകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസം മേഖലയിൽ പണം മുടക്കി പണം നേടാൻ സർക്കാർ ശ്രമിക്കണം. പുതിയ ഗതാഗത മന്ത്രിയെ പ്രതീക്ഷയോടെയാണ് കാണുന്നത്.
മന്ത്രിയുടെ ആശയങ്ങൾ സ്വാഗതം ചെയ്യുന്നതായും മുമ്പ് മന്ത്രിയായിരുന്നപ്പോൾ തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുകയും കെഎസ്ആർടിസിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്‌ത ആളാണെന്നത് കൊണ്ടാണ് തങ്ങള്‍ക്ക് പ്രതീക്ഷയുള്ളതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ഇനിയും ബിജെപി അധികാരത്തിൽ വന്നാൽ രാജ്യത്തിൻ്റെ സ്ഥിതി ഭയാനകമായിരിക്കുമെന്നും ആർ ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.