തിരുവനന്തപുരം: ഡാറ്റ ചോർത്തൽ, മോർഫിങ്ങ്, വ്യാജ സമൂഹ്യ മാധ്യമ പ്രൊഫൈലുകൾ, ഹാക്കിങ്ങ്, വ്യാജ വെബ്സൈറ്റുകൾ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളിലൂടെ (Cyber crimes) ആളുകൾ ദിനംപ്രതി പറ്റിക്കപ്പെടുകയാണ്. സൈബർ ഭീകരന്മാർ തലവേദനയാകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് വിലങ്ങിടാൻ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കേരള പൊലീസ് (kerala police cyber division will inagurate).
സൈബർ കുറ്റകൃത്യങ്ങൾ തുടർക്കഥയാകുന്ന ഈ കാലഘട്ടത്തിൽ കേരള പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്‍റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജില്‍ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം.
ആന്‍റണി രാജു എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ.ഷേയ്ഖ് ദര്‍വേഷ് സാഹിബ്, മറ്റ് മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. സൈബര്‍ ബോധവല്‍ക്കരണത്തിനായി കേരള പൊലീസ് തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങളുടെ പ്രകാശനം ആന്‍റണി രാജു എംഎല്‍എ നിര്‍വ്വഹിക്കും.
രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പൊലീസ് സ്‌റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷന്‍റെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്‌റ്റേഷനുള്ള ട്രോഫിയും ഇതേ പൊലീസ് സ്‌റ്റേഷന് നല്‍കും.
സൈബർ അതിക്രമങ്ങൾക്ക് പൂട്ട്: വര്‍ധിച്ചുവരുന്ന സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കേരള പൊലീസില്‍ പുതിയതായി സൈബര്‍ ഡിവിഷന്‍ ആരംഭിക്കുന്നത്. സൈബര്‍ ഓപ്പറേഷന്‍ ചുമതലയുള്ള ഐജിയുടെ കീഴില്‍ 465 പൊലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തില്‍ ഉണ്ടാവുക.
ഇന്‍വെസ്‌റ്റിഗേഷന്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍, ഗവേഷണപഠന സംവിധാനങ്ങള്‍, പരിശീലനവിഭാഗം, സൈബര്‍ പട്രോളിങ് യൂണിറ്റുകള്‍, സൈബര്‍ ഇന്‍റലിജന്‍സ് വിഭാഗം എന്നിവയാണ് സൈബര്‍ ഡിവിഷന്‍റെ ഭാഗമായി നിലവില്‍ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകേസുകള്‍ വിദഗ്‌ധമായി അന്വേഷിക്കാന്‍ കേരള പൊലീസിനു കഴിയും.
ALSO READ:ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വീണ്ടും തുടരുന്നു ; സൈബര്‍ ക്രൈം വിഭാഗം മുന്നറിയിപ്പ്