ഇടുക്കി: നെടുങ്കണ്ടം നാലുമലയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പുറത്ത് എത്തിച്ചു. ബെംഗളൂരുവിൽ നിന്ന് എത്തിയ 22 വാഹനങ്ങളാണ് കനത്ത മഴയെ തുടർന്ന് ഇന്നലെ മല മുകളിൽ കുടുങ്ങിയത്. നിരോധിത മേഖലയിലേക്ക് ഓഫ് റോഡ് സഫാരി നടത്തിയതിന് സഞ്ചരികൾക്കെതിരെ കേസെടുക്കും.
ഇന്നലെ ഉച്ചയോട് കൂടിയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ 38 അംഗ സംഘം 22 വാഹങ്ങളിലായി നെടുംകണ്ടം പുഷ്‌പകണ്ടത്തിന് സമീപമുള്ള നാലുമലയിൽ എത്തിയത്. ഉച്ചയ്‌ക്ക് ശേഷം കനത്ത മഴയും മൂടൽ മഞ്ഞും നിറഞ്ഞതോടെ തിരിച്ചിറങ്ങുക ദുഷ്‌കരമായി. മഴയെ തുടർന്ന് മൺ റോഡിൽ ചെളി നിറഞ്ഞത് പ്രതിസന്ധി ഇരട്ടിയാക്കി.
പുഷ്‌പകണ്ടത്ത് നിന്നും നാലുമലയിലേക്കുള്ള രണ്ട് കിലോമീറ്റർ ദൂരം ദുർഘടമായ പാതയാണ്. തിരിച്ചിറങ്ങുന്നത് ദുഷ്‌കരമാണെന്ന് മനസിലായതോടെ ഇവർ വാഹനം ഉപേക്ഷിച്ച് മല ഇറങ്ങുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ നാട്ടുകാരുടെ സഹായത്തോടെ വാഹനങ്ങൾ താഴേക്ക് എത്തിയ്ക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പൊലീസും റെവന്യൂ സംഘവും സ്ഥലത്ത് എത്തി. ഓഫ് റോഡ് സംഘത്തിലെ ഡ്രൈവമാർ തന്നെയാണ് വാഹനങ്ങൾ താഴെ എത്തിച്ചത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അപകടം ഉണ്ടായതിനാൽ മേഖലയിലെക്കുള്ള ഓഫ് റോഡ് സവാരി നിരോധിച്ചിരുന്നു. അപകടകരമായ ഡ്രൈവിങ്ങിനും റവന്യൂ ഭൂമിയിൽ അനധികൃതമായി കയറിയതിനും ഡ്രൈവർമാർക്കെതിരെ കേസെടുക്കും.
സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയ പ്രദേശമാണ് നാലുമല. ഇവിടേക്കുള്ള ഓഫ് റോഡ് സവാരി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. അതേസമയം വാഹനങ്ങൾ നാലുമലയിൽ നിന്ന് നെടുംകണ്ടത്ത് എത്തിച്ചിട്ടുണ്ട്. പൊലീസ്, റവന്യൂ വകുപ്പുകളുടെ നടപടികൾക്ക് ശേഷം വിട്ടയക്കുമെന്നാണ് വിവരം.