കണ്ണൂർ : ഒരേ ബസിൽ ഡ്രൈവറും കണ്ടക്‌ടറുമായി ഭാര്യയും ഭർത്താവും. പാടിയോട്ടുചാലിലെ പുത്തൻപുരയ്ക്കൽ ജോമോനും ഭാര്യ ജിജിനയുമാണ് ഈ ദമ്പതികൾ. 13 വർഷങ്ങൾക്ക് മുമ്പ് വിവാഹിതയായ ജിജിന ഭർത്താവിനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹത്തിൽ ഹെവി ലൈസൻസും കണ്ടക്‌ടർ ലൈസൻസും സ്വന്തമാക്കുകയായിരുന്നു.
ചെറുപുഴ-തയ്യേനി-വെള്ളരിക്കുണ്ട്-പാണത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'വന്ദേഭാരത്' ബസിലാണ് ഇവർ ജോലി ചെയ്യുന്നത്. തൊഴിൽ മേഖലയിലും കുടുംബ ജീവിതത്തിലും ഏറെ സംതൃപ്‌തരാണിരുവരും. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളേറെ ആയെങ്കിലും ഒരു ദിവസം പോലും ജിജിന ഭർത്താവിനെ പിരിഞ്ഞിരുന്നിട്ടില്ല. വാഹനങ്ങളോട് ഏറെ കമ്പമുള്ള ജിജിന ഭർത്താവ് ഓടിക്കുന്ന വാഹനങ്ങൾ ഓടിച്ചു നോക്കുമായിരുന്നു. ഹെവി ലൈസൻസ് എടുക്കുന്ന സമയത്ത് ജോമോൻ തന്നെയാണ് കണ്ടക്‌ടർ ലൈസൻസും എടുക്കുവാൻ പറയുന്നത്. ഇപ്പോൾ ഒന്നരമാസമായി ഇരുവരും ഒരേ ബസിലെ ഡ്രൈവറും കണ്ടക്‌ടറുമായി ജോലി ചെയ്‌തു വരികയാണ്.
ആറാം ക്ലാസിൽ പഠിക്കുന്ന ജോവാന ട്രീസയും, യുകെജിയിൽ പഠിക്കുന്ന ജോഷ്വാ ജോമോനും ആണ് മക്കൾ. രാവിലെ ഏഴരയ്ക്ക് ജോലിക്കു കയറുന്ന ഇരുവരും വൈകിട്ട് 6.30നാണ് വീട്ടിൽ തിരിച്ചെത്തുക. കണ്ടക്‌ടർ ജോലി തെരഞ്ഞെടുക്കുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വലിയ പിന്തുണ നൽകിയതായി ജിജിന.
വിദേശത്ത് ജോലിക്കു പോകാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അതു വേണ്ടന്നു വച്ച് തൻ്റെ ഭർത്താവിനൊപ്പം ജോലിചെയ്യുകയാണ് ജിജിന. പാടിയോട്ടുചാൽ വൈഎംസിഎയുടെ നേതൃത്വത്തിൽ ജിജിനയേയും ജോമോനെയും ആദരിച്ചിരുന്നു. മറ്റ് ബസ് ജീവനക്കാർക്കും ഇവരെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്.
Also Read: ഡോമിനര്‍ ബൈക്കില്‍ ലോകം കീഴടക്കാന്‍ ഒരുമ്പെട്ടൊരു പെണ്ണൊരുത്തി; പിന്നിട്ടത് 32 രാജ്യങ്ങൾ