തിരുവനന്തപുരം : റഷ്യൻ അതിർത്തിയിലെ യുദ്ധ മേഖലയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളുടെ മോചനക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സ്വകാര്യ റിക്രൂട്ടിങ് ഏജന്‍റുമാർ വഴി റഷ്യയിലെത്തി, ചതിയിൽപ്പെട്ട് റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുക്രെയിനെതിരെ യുദ്ധം ചെയ്‌ത അഞ്ചുതെങ്ങ് സ്വദേശികളിൽ വിനീതിന്‍റെ ശബ്‌ദസന്ദേശം ബന്ധുക്കൾക്ക് ലഭിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് വിനീത് നൽകുന്നത്.
ശബ്‌ദ സന്ദേശത്തിൽ പറയുന്നതിങ്ങനെ: വനമേഖലയിൽ കുടുങ്ങിയിരിക്കുകയാണ്. ടിനു എവിടെയാണെന്ന് അറിയില്ല. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ എങ്കിലും സഹായം ചെയ്യണം. മോചനത്തിനായി എംബസി അടിയന്തരമായി ഇടപെടണം.
യുദ്ധമുഖത്ത് തുടരുന്നവർക്ക് എംബസിയുടെ ഒരു സഹായവും ലഭിക്കുന്നില്ല. പ്രിൻസ് രക്ഷപ്പെട്ടത് ആശുപത്രി അധികൃതരുടെ സഹായത്തോടെയാണ്. അപായ മേഖലയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം. ലിസ്റ്റ്ചാൻസിന് സമീപം സ്ലോട്രാവിക്കയിൽ ആണ് കൂടുതൽ ഇന്ത്യക്കാർ അകപ്പെട്ടിട്ടുള്ളത്.
അതേസമയം, മോസ്‌കോയിലെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം. ഇപ്പോഴും യുദ്ധഭൂമിയിൽ തുടരുകയാണെന്ന് അഞ്ചുതെങ്ങ് സ്വദേശി വിനീത് പറയുന്നു. ഇതിനിടെ റഷ്യ- യുക്രെയിൻ യുദ്ധമുഖത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളായ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യനും പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനും നാട്ടിലേക്കെത്താൻ വഴിയൊരുങ്ങി.