എറണാകുളം : 3000 കുട്ടികളുടെ ചിത്രങ്ങൾ പതിച്ച ഭീമൻ നക്ഷത്രമൊരുക്കി മൂവാറ്റുപുഴ നിർമല കോളജ്. ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ വേറിട്ട സ്‌റ്റാർ ഒരുക്കാൻ വിദ്യാർഥികളും അധ്യാപകരും മുന്നിട്ടിറങ്ങിയതോടെയാണ് കൂറ്റൻ നക്ഷത്രം യാഥാർഥ്യമായത്.
കോളജ് ഓട്ടോണമസ് ആയതിന് ശേഷം വരുന്ന ക്രിസ്‌മസ് ആഘോഷം വെറൈറ്റി ആക്കണമെന്ന് തീരുമാനിച്ചതിനെ തുടർന്ന് കൂടിയാണ് കൂറ്റൻ നക്ഷത്രമൊരുക്കിയത്. 55 അടി നീളവും 30 അടി വീതിയുമുള്ള ഭീമന്‍ നക്ഷത്രത്തിൽ കോളജിലെ വിദ്യാർഥികൾക്ക് പുറമെ അധ്യാപകരുടെയും ജീവനക്കാരുടെയും ചിത്രങ്ങൾ പതിച്ചിട്ടുണ്ട്.
നിർമല കോളജിലെ ഒരോരുത്തരെയും ഉൾക്കൊണ്ടാണ് ഇത്തവണ ക്രിസ്‌മസ് നക്ഷത്രമൊരുങ്ങിയത്. 'നിര്‍മല സൂപ്പറാണ്, വിദ്യാര്‍ഥികളെ സ്‌റ്റാറാക്കും' എന്ന ആശയത്തോടെയാണ് നക്ഷത്രം നിര്‍മിച്ചിരിക്കുന്നതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെസ്‌റ്റിന്‍ കെ കുര്യാക്കോസ് പറഞ്ഞു. കഴിഞ്ഞ 72 വർഷമായി വിദ്യാർഥികളെ സ്‌റ്റാറുകളാക്കുന്ന പ്രവർത്തനമാണ് കോളജ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോളജിന്‍റെ പ്രധാന ബ്ലോക്കിലാണ് കൂറ്റൻ നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്. ക്രെയിന്‍ ഉപയഗിച്ചാണ് കൂറ്റന്‍ നക്ഷത്രം കേളജില്‍ സ്ഥാപിച്ചത്. കൂറ്റൻ നക്ഷത്രമൊരുക്കാൻ പ്ലാസ്‌റ്റിക്കുകളോ പ്രകൃതിക്ക് ദോഷം ചെയ്യുന്ന അസംസ്‌കൃത വസ്‌തുക്കളോ ഉപയോഗിച്ചിട്ടില്ല.
ഗ്രീന്‍ ക്യാമ്പസ് പദവി ലഭിച്ച നിര്‍മല കോളജില്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായാണ് നക്ഷത്രമൊരുക്കിയത്. ഈ നക്ഷത്രത്തിന്‍റെ നിർമാണം പൂർത്തിയാക്കാൻ ഒരു മാസത്തോളമാണ് സമയമെടുത്തത്. വലുപ്പത്തിൽ മാത്രമല്ല നക്ഷത്ര നിര്‍മാണത്തിന്‍റെ ആശയത്തിലും കോളജ് വ്യത്യസ്‌തത പുലർത്തുന്നു.
ആദ്യമായാണ് കോളജില്‍ ഇത്തരത്തില്‍ വലിപ്പമേറിയ നക്ഷത്രം ഒരുക്കിയത്. വലുപ്പത്തിലും ആശയത്തിലും വേറിട്ട് നില്‍ക്കുന്ന നക്ഷത്രമുയര്‍ന്നതോടെ നിരവധി പേരാണ് നക്ഷത്രഭംഗി ആസ്വദിക്കാൻ കോളജിലെത്തുന്നത്. ചിത്രങ്ങളും, വീഡിയോയും പകര്‍ത്തി പുതിയ റീലാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.
യേശുക്രിസ്‌തുവിന്‍റെ പിറവിയുടെ പ്രതീകമായാണ് ലോകമെമ്പാടും ഡിസംബർ മാസത്തിൽ സ്‌റ്റാറുകൾ തൂക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിവിധ വലുപ്പത്തിലും വർണത്തിലുമുളള നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിക്കപ്പെടുകയാണ്. മഞ്ഞുപെയ്യുന്ന ഡിസംബറിനെ കൂടുതൽ മനോഹരമാക്കുന്നവയാണ് സ്‌റ്റാറുകൾ.
Also Read: ക്രിസ്‌മസിനൊരുക്കാം ഒന്നാന്തരം 'ഇളനീര്‍ വൈന്‍'; വെറും 10 ദിവസം സംഗതി റെഡി