കണ്ണൂര്‍: മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ കുടകുവഴി പോകുന്ന റോഡുകളില്‍ ഭാരമുളള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 18.5 ടണ്ണില്‍ കൂടുതൽ ഭാരമുളള ചരക്കു വാഹനങ്ങള്‍ക്കാണ് നിരോധനം നടപ്പാക്കിയിരിക്കയാണ്. മള്‍ട്ടി ആക്‌സില്‍ വിഭാഗം ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും നിരോധനത്തില്‍ നിന്ന് ഇളവുണ്ട്.
തടി, മണല്‍ തുടങ്ങിയ ലോഡ് വാഹനങ്ങള്‍ നിരോധനത്തില്‍ ഉൾപ്പെടുന്നുണ്ട്. കുറഞ്ഞ അളവിലായാലും ഈ വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ തടയപ്പെടും. കഴിഞ്ഞ ദിവസം മാക്കൂട്ടത്തിന് സമീപം ഓടക്കൊല്ലിയില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചിരുന്നു. ഈ മാസം 31 വരെയാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും കാലവര്‍ഷം ശക്തമായി തുടരുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ നീട്ടിയേക്കും.
കേരളത്തില്‍ നിന്നും തലശ്ശേരി വഴിയും കണ്ണൂര്‍ വഴിയും മാക്കൂട്ടത്തെത്തുന്ന നിയന്ത്രണ പരിധിയിലുളള വാഹനങ്ങള്‍ പരിശോധന നടത്തി തിരിച്ചയക്കാനാണ് നിര്‍ദേശം. മടിക്കേരി ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിറക്കിയതിനാല്‍ കേരളത്തിലേക്കുള്ള ചരക്കു നീക്കം ദുരിതപൂര്‍ണ്ണമാകുന്നു. അരി, മുളക് ഉള്‍പ്പെടെയുളള പലവ്യജ്ഞനങ്ങള്‍ പശ്ചിമബംഗാള്‍, തെലുങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി വരുന്നത്.
കുടകുവഴിയാണ് കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലേക്കുള്ള ചരക്കു നീക്കം നടക്കുന്നത്. നിയന്ത്രണം എടുത്തു മാറ്റുന്നതു വരെ മംഗലൂരു- മഞ്ചേശ്വരം വഴിയോ മൈസൂര്‍- ഊട്ടി റോഡു വഴി ഗൂണ്ടല്‍പേട്ട-കോഴിക്കോട് വഴിയോ 120 കിലോമീറ്ററോളം അധികം താണ്ടി വേണം ഉത്തര കേരളത്തിലെത്താന്‍.
Also Read: മാങ്കുളത്ത് കാട്ടാന ശല്യം രൂക്ഷം ; ഭീതിയിൽ പ്രദേശവാസികൾ