ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ യുവാവ് നൽകിയ ലൈംഗിക പീഡന പരാതിയിന്മേലുള്ള കേസിൻ്റെ അന്വേഷണം സ്റ്റേ ചെയ്‌ത് കര്‍ണാടക ഹൈക്കോടതി. തനിക്കെതിരായ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി. പരാതി പ്രഥമദൃഷ്‌ട്യാ കള്ളമെന്ന് കോടതി ചൂണ്ടിക്കാട്ടി.
2012ൽ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടലിൽ വച്ചാണ് രഞ്‌ജിത് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. എന്നാൽ 2016 മുതലാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചതെന്നും ഈ വസ്‌തുത പൊതുജനങ്ങൾ അറിയേണ്ട കാര്യമാണെന്നും ബെഞ്ച് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2012ലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നുണ്ട്. സംഭവം നടന്നിട്ട് 12 വർഷമായി. എന്നാൽ 2024ലാണ് പരാതി നൽകുന്നത്. ഒരു കൃത്യമായ കാരണം പറയാതെയാണ് യുവാവ് പരാതി നൽകാൻ 12 വർഷം എടുത്തത്. ഇതൊരു തെറ്റായ ആരോപണമാണെന്നാണ് ഈ വസ്‌തുത കൊണ്ട് തെളിയിക്കുന്നത്. ഈ ഘടകങ്ങളെല്ലാം പരിശോധിച്ച് കഴിഞ്ഞാൽ ഹർജിക്കാരനെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യ തെറ്റാണെന്ന് കണ്ടെത്താനാകുന്നതാണ്.
അതിനാൽ ഐപിസി 377 (പ്രകൃതിവിരുദ്ധ ലൈംഗികത), ഐടി ആക്‌ട് സെക്ഷൻ 66 ഇ എന്നിവ പ്രകാരം ഹർജിക്കാരനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൻ്റെ അന്വേഷണം സ്‌റ്റേ ചെയ്യുന്നതായി ബെഞ്ചിൻ്റെ ഉത്തരവിൽ പറഞ്ഞു. അടുത്ത വാദം കേൾക്കുന്നതിനായി ജനുവരി 17ലേക്ക് കേസ് മാറ്റിയിട്ടുണ്ട്.