എറണാകുളം: നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന മുൻ ഇടത് വനിത എംഎൽഎമാരുടെ പരാതിയിന്മേലുള്ള കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. മുൻ എംഎൽഎമാരായ എംഎ വാഹിദ്, ഡൊമിനിക് പ്രസന്‍റേഷൻ, കെ.ശിവദാസൻ നായർ എന്നിവർക്കെതിരെയായിരുന്നു കേസ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേസ് നിലനിൽക്കുമെന്ന തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവും ഹൈക്കോടതി റദ്ദാക്കി. 2015ല്‍ യുഡിഎഫ് ഭരണകാലത്ത് ബജറ്റ് അവതരണത്തിനിടെയാണ് നിയമസഭയില്‍ കയ്യാങ്കളി നടന്നത്. ബാര്‍ കോഴക്കേസിലെ പ്രതിയായിരുന്ന അന്നത്തെ ധനകാര്യ മന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുപക്ഷ എംഎല്‍മാര്‍ പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് എല്‍ഡിഎഫ് എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ സ്‌പീക്കറുടെ കസേര അടക്കം തകര്‍ക്കപ്പെട്ടു. സഭയില്‍ 2,20,092 രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് കണക്ക്.
എംഎല്‍എമാരായിരുന്ന കെകെ ലതിക, ജമീല പ്രകാശം എന്നിവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നൽകിയത്. പരാതിയില്‍ കോടതി നിർദേശ പ്രകാരം കേസെടുക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കോടതി കേസ് റദ്ദാക്കിയത്.
അതേസമയം, നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഇടതുമുന്നണി മുന്‍ കണ്‍വീനര്‍ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ.അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരെ പ്രതിയാക്കിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ 2021ല്‍ സുപ്രീംകോടതി തള്ളിയിരുന്നു. നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാനാകില്ല എന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.
കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചിന്‍റേതായിരുന്നു ഉത്തരവ്. കേസിലെ തുടരന്വേഷണം 2023ല്‍ അവസാനിപ്പിച്ചിരുന്നു. പുതിയതായി തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിക്കാത്ത പശ്ചാത്തലത്തില്‍ നേരത്തെ സമർപ്പിച്ച കുറ്റപ്രത്രം അനുസരിച്ചുതന്നെ വിചാരണ പരിഗണിക്കാനായിരുന്നു തീരുമാനം.
Also Read: വാഹനങ്ങളിൽ സണ്‍ഫിലിം ഒട്ടിക്കാം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി