എറണാകുളം: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ മാർഗനിർദേശങ്ങൾ പാലിക്കാതെ ആന എഴുന്നള്ളത്ത് നടത്തിയ സംഭവത്തിൽ ഹൈക്കോടതി വിമർശനം. കോടതിയെ പരസ്യമായി വെല്ലുവിളിച്ചെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. മതത്തിൻ്റെ പേരിൽ എന്തും ചെയ്യാനാവില്ല. ദേവസ്വം ഭാരവാഹികൾ ഉത്തരവാദിത്തപരമായി പെരുമാറണമെന്നും കോടതി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജാമ്യം ലഭിക്കാത്ത കുറ്റമാണ് ചെയ്‌തതെന്നും പൂർണ്ണത്രയീശ ക്ഷേത്ര ദേവസ്വം ഓഫിസർ സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. എറണാകുളം ജില്ലാ കളക്‌ടർ ഓൺലൈനായി ഹാജരായിരുന്നു. ഉത്സവത്തിൻ്റെ ആദ്യ മൂന്ന് ദിനം മാർഗനിർദേശങ്ങൾ പാലിച്ചിരുന്നു. നാലാം ദിനം വൈകുന്നേരം മാർഗനിർദേശങ്ങൾ ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തിയെന്നും ആനകൾ തമ്മിലുള്ള അകലപരിധി പാലിച്ചില്ലെന്നും ജില്ല കളക്‌ടർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മാർഗ നിർദേശങ്ങൾ ലംഘിച്ചതിന് കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി എഴുന്നള്ളത്തിന് അനുമതി നിഷേധിക്കുമെന്നും ഒരു ഘട്ടത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. മാർഗനിർദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണമെന്ന് കളക്‌ടറോട് നിർദേശിച്ച കോടതി ഇതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും വ്യക്തമാക്കി.
മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി കളക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൂർണ്ണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോൽസവത്തിൻ്റെ ഭാഗമായി നടത്തിയ ആന എഴുന്നള്ളിപ്പിലാണ് കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചത്.
Also Read: ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല; പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്