തിരുവനന്തപുരം: മുസ്‌ലിം ലീഗിന്‍റെ രാജ്യസഭ സ്ഥാനാർഥിയായി ഹാരിസ് ബീരാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭ സെക്രട്ടറിക്ക് മുന്നിൽ ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്കാണ് ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിന് ശേഷം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ഷിഹാബ് തങ്ങളാണ് ഹാരീസ് ബീരാനെ രാജ്യസഭ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
കാൽ നൂറ്റാണ്ട് കാലമായി സുപ്രിംകോടതി അഭിഭാഷകനും ഡൽഹി കേരള മുസ്‌ലിം കൾച്ചറൽ സെന്‍റർ പ്രസിഡന്‍റുമായി പ്രവർത്തിച്ച് വരുന്ന ഹാരിസ് ബീരാൻ എംഎസ്എഫിലൂടെയാണ് സംഘടന രംഗത്തെത്തുന്നത്. എറണാകുളം ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളജിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്‍റായിരുന്ന അദ്ദേഹം എറണാകുളം ലോ കോളജിലും സംഘടന രംഗത്ത് സജീവമായിരുന്നു.
1998 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2011 ലാണ് ഹാരിസ് ബീരാൻ ഡൽഹി കെഎംസിസി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. കപിൽ സിബലിനെ പോലുള്ള മുതിർന്ന അഭിഭാഷകരോടൊപ്പം യുഎപിഎ ദുരുപയോഗത്തിനെതിരായുള്ള നിയമ പോരാട്ടങ്ങളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു. മുത്തലാഖ് ബിൽ, ഹിജാബ്, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും നിയമപരമായ ഇടപെടലുകൾ നടത്തിയിരുന്നു. ആൾ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്ന ഹാരിസ് ബീരാൻ സിദ്ദിഖ് കാപ്പൻ കേസിലും അബ്‌ദുൾ നാസർ മദനി ഉൾപ്പെട്ട കേസിലും ഇരുവർക്കും ശക്തമായ നിയമ പിന്തുണയായിരുന്നു നൽകി വന്നിരുന്നത്.