ഇടുക്കി: വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്‌ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബിൽ. ഭീമമായ തുക ലഭിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പ് പീരുമേട് സെക്ഷനിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. 15 ദിവസം മുൻപ് ഇവരുടെ വീടിൻ്റെ വൈദ്യുതി വിഛേദിക്കുകയും ചെയ്‌തിരിക്കുകയാണ്.
വാഗമൺ വട്ടപ്പതാൽ കുരുവിള വീട്ടിൽ അന്നമ്മക്കാണ് കഴിഞ്ഞ മാസം 15ന് 49,710 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച അന്നമ്മ കൂലി പണിയെടുത്തും മറ്റുമാണ് ജീവിതം മുൻപോട്ട് കൊണ്ടു പോയിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായതിനാൽ പണിക്കും പോകുന്നില്ല.
മുൻപ് 400 രൂപ വരെയാണ് പരമാവധി വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. കുറച്ച് നാൾ മുൻപ് ഇടിമിന്നലിൽ വീടിൻ്റെ വൈദ്യുതി മീറ്റർ കേടായിരുന്നു. കെഎസ്ഇബിയിൽ അറിയിച്ചതിനെ തുടർന്ന് ഇത് പിന്നീട് മാറ്റി വച്ചു.
അതേസമയം ഭീമായ വൈദ്യുതി ബിൽ വന്നതിന് ശേഷം പീരുമേട് സെക്ഷൻ ഓഫിസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് അന്നമ്മ പറയുന്നു. വീണ്ടും പരാതി നൽകിയപ്പോൾ അധികൃതർ വീടിൻ്റെ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുകയും ചെയ്‌തു.
ഇതോടെ ഒറ്റമുറി വീട്ടിൽ മണ്ണണ്ണ വിളക്കിൻ്റെ സഹായത്തിലാണ് ഇവർ കഴിഞ്ഞുകൂടുന്നത്.
രാത്രി സമയങ്ങളിൽ ഇഴ ജന്തുക്കളുടെ അടക്കം ശല്യം ഉണ്ട്. പരാതിയുമായി കെഎസ്ഇബി സെക്ഷൻ ഓഫിസിൽ എത്തിയപ്പോൾ ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്നും ഇവർ പറഞ്ഞു.
ALSO READ: 'ഷവർ ബിൽഡിങ്'; പി ആൻഡ് ടി കോളനി നിവാസികൾക്കായി പണിത ഫ്ലാറ്റ് ചോർന്നതിൽ പരിഹാസവുമായി ഹൈക്കോടതി