തിരുവനന്തപുരം : ചട്ടവിരുദ്ധ നിയമനമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ നൽകിയ കാരണം കാണിക്കല്‍ നോട്ടിസില്‍ നാല് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സിറ്റിങ് ഇന്ന്. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരോട് രാജ്ഭവനില്‍ ഇന്ന് രാവിലെ 11 മണിക്ക് ഹിയറിങ്ങിന് ഹാജാരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കാലിക്കറ്റ് വിസിയുടെ വക്കീലാകും ഗവര്‍ണറുടെ ഹിയറിങ്ങിനായി ഹാജരാകുക.
സംസ്‌കൃത സര്‍വകലാശാല വിസി എം വി നാരായണനും രാജ്ഭവനില്‍ എത്താന്‍ അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തോട് ഓണ്‍ലൈനായി പങ്കെടുക്കാന്‍ നിര്‍ദേശിച്ചു. വാദം കേള്‍ക്കലിന് ശേഷം തുടര്‍ നടപടികൾ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് രാജ്ഭവന്‍ ഹൈക്കോടതിക്ക് സമര്‍പ്പിക്കും.
മുന്‍പ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയ കേരള, എം ജി, കുസാറ്റ്, മലയാളം സര്‍വകലാശാലകളിലെ വിസിമാര്‍ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു വിരമിച്ചത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഹിയറിങ്ങില്‍ പങ്കെടുക്കേണ്ടതില്ല. അതേസമയം കാലിക്കറ്റ് സര്‍വകലാശാലയുടെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തി, സംസ്‌കൃത സര്‍വകലാശാലയില്‍ പാനലിന് പകരം ഒറ്റ പേര് മാത്രം സമര്‍പ്പിച്ചു, യു ജി സി പ്രതിനിധിയില്ലാതെ ഓപ്പണ്‍ - ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ ആദ്യ വിസിമാരെ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചു എന്നിവയാണ് വിസിമാരെ അയോഗ്യരാക്കാന്‍ കാരണമായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള, എംജി, കുസാറ്റ്, മലയാളം സര്‍വകലാശാലകളിലെ വിസിമാര്‍ക്കും ഗവര്‍ണര്‍ നോട്ടിസ് നൽകിയിരുന്നു.
ALSO READ: 'ഒരു മാസത്തിനകം പ്രതിനിധിയെ അയക്കണം': സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം