മലപ്പുറം: പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ തോക്കുകളും മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ സാഹസികമായി പിടികൂടി പൊലീസിലേല്‍പ്പിച്ചു. ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മട്ടാഞ്ചേരിയിൽ നിന്ന് അഞ്ചംഗ സംഘം ആലുങ്ങൽ ബീച്ചിൽ എത്തുകയായിരുന്നു.
വാഹനത്തില്‍ വടിവാൾ ഉൾപ്പെടെയുളള മാരകായുധങ്ങള്‍ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘത്തെ ചോദ്യം ചെയ്‌തു. അപ്പോള്‍ സംഘത്തിലെ ഒരാൾ നാട്ടുകാർക്കെതിരേ തോക്കുചൂണ്ടി. ഇതോടെ അക്രമി സംഘത്തെ നാട്ടുകാർ ശക്തമായി നേരിട്ടു.
സംഭവം അറിഞ്ഞെത്തിയ പരപ്പനങ്ങാടി പൊലീസിന് നാട്ടുകാര്‍ പിടികൂടിയ രണ്ടുപേരെ കൈമാറി. സംഘത്തിലെ മൂന്ന് പേര്‍ വാഹനങ്ങളില്‍ കയറി രക്ഷപ്പെട്ടു. ഇവർക്ക് പുറമെ മറ്റു വാഹനങ്ങളിലും സംഘാംഗങ്ങൾ വന്നുവെന്നും രംഗം പന്തിയല്ലാതായതോടെ രക്ഷപ്പെട്ടതാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരപ്പനങ്ങാടി പൊലീസ് അക്രമികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.