ഇടുക്കി: ഇലക്ഷൻ പ്രചാരണത്തിലും താരമായി കണിക്കൊന്ന പൂക്കൾ. വിഷുപ്പുലരിയെ വരവേൽക്കുവാൻ നാട്ടിലെങ്ങും കണിക്കൊന്നകൾ പീത വർണ്ണം പരത്തിയതോടെ സ്ഥാനാർഥി സ്വീകരണ പരിപാടികളിലും കണിക്കൊന്ന പൂക്കൾ നിറയുകയാണ്.
മുന്നണി വ്യത്യാസമില്ലാതെ രാവിലെ മുതൽ വൈകുന്നേരം വരെ സ്ഥാനാർഥികൾക്ക് സ്വീകരണത്തിനിടയിൽ ലഭിക്കുന്നത് കിലോ കണക്കിന് കണിക്കൊന്ന പൂക്കളാണ്. വിഷു എത്തുന്നതിനു മുമ്പേതന്നെ ഇത്തവണ കാലം തെറ്റി മലയോര മേഖലയിൽ വ്യാപകമായി കണിക്കൊന്ന പൂക്കൾ പൂത്തിരുന്നു.
തെരഞ്ഞെടുപ്പ് കാലമായതിനാൽ സ്ഥാനാർഥികളെ സ്വീകരിക്കുവാൻ പണം കൊടുത്ത് പൂക്കളും ബൊക്കയുമൊന്നും വാങ്ങേണ്ട എന്ന നിലപാടാണ് പാർട്ടി പ്രവർത്തകരും നേതാക്കളും മുന്നോട്ടുവെച്ചത്. ഇതോടുകൂടി നറുക്ക് വീണത് കണിക്കൊന്നക്കാണ്. സ്ഥാനാർഥികളെ എല്ലാം സ്വീകരിക്കുന്നതിൽ പ്രമുഖൻ ഇപ്പോൾ കണിക്കൊന്നയാണ്.
കിലോ കണക്കിന് കണിക്കൊന്ന പൂക്കളാണ് ഓരോ സ്വീകരണ സ്ഥലത്തും എത്തുന്നത്.
സ്വീകരണം ഏറ്റുവാങ്ങി സ്ഥാനാർഥികൾ മടങ്ങുന്നതോടെ കണിക്കൊന്ന പൂക്കൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്‌ചയും കാണാം. എന്തായാലും വിഷു എത്തുമ്പോൾ കണിക്കൊന്ന അല്‍പമെങ്കിലും അവശേഷിക്കുമോ എന്ന് ആശങ്കയുള്ളവരും ഇല്ലാതില്ല.
ALSO READ: തെരഞ്ഞെടുപ്പ് ചൂടിൽ കണ്ണൂർ: വോട്ടഭ്യർത്ഥനയിൽ പുതിയ പരീക്ഷണങ്ങളുമായി അച്‌ഛനും മക്കളും