കണ്ണൂര്‍: കൊല്‍ക്കത്ത സ്വദേശിയായ എയർഹോസ്‌റ്റസ് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ സംഭവത്തില്‍ മുഖ്യ കണ്ണി പിടിയില്‍. എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരനായ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. പത്ത് വർഷമായി ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുകയാണ് സുഹൈൽ.
20 തവണയില്‍ അധികമാണ് ഇത്തരത്തില്‍ എയർ ഹോസ്‌റ്റസുമാരെ ഉപയോഗിച്ച് സ്വർണം കടത്തിയത്. സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ കൊല്‍ക്കത്ത സ്വദേശിയായ എയര്‍ഹോസ്‌റ്റസ് സുരഭി ഖാതൂനെ ചോദ്യം ചെയ്‌തപ്പോഴാണ് സുഹൈലിന്‍റെ പേര് വെളിപ്പെടുത്തിയത്.
സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ എയർഹോസ്‌റ്റസ് സുരഭിയെ സ്വർണം കടത്താൻ നിയോഗിച്ചത് സുഹൈലാണെന്നും ഡിആർഐ വ്യക്‌തമാക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് എയര്‍ ഹോസ്‌റ്റസ് സുരഭി ഖാതൂൻ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങളെന്ന് ഡിആര്‍ഐ വെളിപ്പെടുത്തി.
സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെക്കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റ് നടക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
28 ആം തീയതിയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് കൊല്‍ക്കത്ത സ്വദേശിയായ സുരഭിയെ സ്വര്‍ണവുമായി പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് 26 കാരിയായ സുരഭി. അറുപത് ലക്ഷത്തോളം രൂപ വിലവരുന്ന 960 ഗ്രാം സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെയാണ് സുരഭി കഴിഞ്ഞ ദിവസം ഡിആര്‍ഐയുടെ പിടിയിലാകുന്നത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. നാല് ക്യാപ്‌സ്യൂളുകളായാണ് സുരഭി സ്വര്‍ണം ഒളിപ്പിച്ചത്. സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്തിയതിന് വിമാന ജീവനക്കാരി പിടിയിലാവുന്ന രാജ്യത്തെ ആദ്യത്തെ സംഭവമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ സുരഭിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
Also Read : ഒരു കിലോയോളം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം ; എയർ ഇന്ത്യ എക്‌സ്‌പ്രസ് എയര്‍ഹോസ്റ്റസ് കണ്ണൂരിൽ പിടിയിൽ - Gold Smuggling Kannur Airport