എറണാകുളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ യാത്രക്കാർ പിടിയിൽ. ഒരു വനിത ഉൾപ്പടെ മൂന്നു പേരെയാണ് കസ്റ്റംസ് പിടി കൂടിയത് ഇവരിൽ നിന്നും ആകെ 1588 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.
ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്നും 197 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരൻ 1118 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ സ്വർണ ചെയിനും വളയും ഇയാളിൽ നിന്ന് കണ്ടെടുത്തു അബുദാബിയിൽ നിന്നും വന്ന കാസർക്കോട് സ്വദേശിനിയായ സ്ത്രീയിൽ നിന്നും 272 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടി.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഷൂസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വന്ന യാത്രക്കാരനാണ് ഷൂവിനുളളിൽ നിറം മാറ്റി കുഴമ്പ് രൂപത്തിലാക്കി വിദഗ്‌ദമായി സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ രണ്ട് ഷൂസിനുള്ളിൽ നിന്നായി 340 ഗ്രാം തൂക്കമുള്ള പേസ്റ്റ് രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണം കടത്താൻ ശ്രമിച്ച പാലക്കാട് സ്വദേശ രതീഷിനെതിരെ കസ്റ്റംസ് നിയമപ്രകാരം കേസെടുത്തു. സ്വർണക്കടത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് ഉൾപ്പടെയുള്ള വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ ദിവസവും കൊച്ചി വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് സ്വർണം പിടി കൂടിയിരുന്നു. മാലിയിൽ നിന്നും വന്ന വിമാനത്തിൻ്റെ ശുചിമുറിയിൽ നിന്നായിരുന്നു 500 ഗ്രാം സ്വർണം കണ്ടെത്തിയത്. സ്വർണക്കടത്ത് സംഘങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിക്കുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്. കസ്‌റ്റംസിന്‍റെ കണ്ണുവെട്ടിക്കുന്നതിന് വ്യത്യസ്‌തമായ രീതികളാണ് കടത്തുസംഘങ്ങൾ സ്വീകരിക്കുന്നത്. സ്വർണം മുക്കിയ തോർത്ത് മുണ്ട്, സ്വർണ പാദുകം, സ്വർണ ബട്ടൻ എന്നിവയും യാത്രക്കാരിൽ നിന്നും കസ്‌റ്റംസ് പിടികൂടിയിരുന്നു.
ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ വരെ ഒളിപ്പിച്ച് കടത്തിയ സ്വർണവും കസ്‌റ്റംസ് പിടികൂടിയിരുന്നു. എന്നാൽ ഇത്തരം സ്വർണക്കടത്ത് കേസുകളിൽ കാരിയർ മാത്രമാണ് പിടിയിലാകുന്നത്. ഇവ കടത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെ പിഴയടച്ച് ഇവരെ പുറത്തെത്തിക്കുകയും ചെയ്യും. സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരിലേക്ക് അന്വേഷണമെത്താറില്ല. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നത്.