കോട്ടയം: മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ. സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയായി. തൃശൂരില്‍ അക്കൗണ്ട് തുറക്കാൻ സഹായിച്ച ക്രൈസ്‌തവ സമൂഹത്തിന് മോദി പരിഗണന നല്‍കിയതോടെയാണ് ജോര്‍ജ് കുര്യന് നറുക്ക് വീണത്.
കേരളത്തിലെ ക്രൈസ്‌തവ വിഭാഗങ്ങളെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്ന ജോർജ് കുര്യനെ മന്ത്രിയാക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ കൂടി സമ്മതത്തോടെയാണ് കുര്യനെ മന്ത്രിയാക്കാൻ തീരുമാനമെടുത്തത്. ദീർഘകാലമായി ബിജെപിക്കൊപ്പം ഉറച്ചു നില്‍ക്കുന്ന നേതാവായ കുര്യൻ നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രൈസ്‌തവ സമുദായത്തിന് പങ്കുണ്ടെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് കുര്യനെ കേന്ദ്രമന്ത്രിയാക്കാൻ തീരുമാനിച്ചത്. നേരത്തെ തന്നെ കേരളത്തില്‍ നിന്ന് മറ്റൊരു കേന്ദ്രമന്ത്രികൂടി ഉണ്ടാകുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബിജെപി ദേശീയ നേതൃത്വവുമായുള്ള അടുത്ത ബന്ധവും പരിഗണിച്ചാണ് കുര്യന് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്.
നിയുക്ത മന്ത്രിമാർക്കായി പ്രധാനമന്ത്രിയൊരുക്കിയ ചായസല്‍ക്കാരത്തില്‍ ജോർജ് കുര്യൻ പങ്കെടുത്തിരുന്നു. ബിജെപി സ്ഥംസ്ഥാന നേതൃത്വത്തിന്‍റെ വിശ്വസ്‌തൻ കൂടിയായ കുര്യൻ കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്‌ത്യൻ വിഭാഗങ്ങളെ ബിജെപിയിലേക്ക് എത്തിക്കാൻ നിർണായക പ്രവർത്തനങ്ങള്‍ നടത്തുന്നയാളാണെന്നാണ് വിലയിരുത്തൽ.
നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷ പദവിയും ഇദ്ദേഹം വഹിച്ചിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർഥിയായിരുന്നു. യുവമോർച്ച മുതല്‍ ബിജെപിയില്‍ പ്രവർത്തിച്ച് വരികയായിരുന്ന ജോർജ് കുര്യൻ ചാനല്‍ ചർച്ചകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്.
ALSO READ: മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മല്ലികാർജുൻ ഖാർഗെയ്‌ക്ക് ക്ഷണം