എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ക്കെതിരെ ലഭിച്ച ലൈംഗികാരോപണ പരാതികളില്‍ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായി എഐജി ജി പൂങ്കുഴലി. പരാതികളുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ തുടരന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറും.
വിവിധ സ്റ്റേഷനുകളില്‍ നടന്ന കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നവ കോടതിയിലേക്ക് മാറ്റും. മറ്റുള്ള കേസുകള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും എഐജി പൂങ്കുഴലി അറിയിച്ചു. കേസ് അന്വേഷണത്തില്‍ ആവശ്യമെങ്കില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും പൂങ്കുഴലി വ്യക്തമാക്കി.
സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടി നല്‍കിയ പരാതിയുടെ അന്വേഷണ ചുമതല വഹിക്കുന്നത് എഐജി പൂങ്കുഴലിയാണ്. നടിയുടെ പരാതിയില്‍ എണണാകുളം നോര്‍ത്ത് പൊലീസാണ് സംവിധായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഓഗസ്റ്റ് 26ന് ഇ-മെയിലിലൂടെയാണ് നടി രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. സിനിമയുടെ ചര്‍ച്ചയ്‌ക്കായി കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ തന്‍റെ ശരീരത്തില്‍ സംവിധായകൻ സ്‌പര്‍ശിച്ചു എന്നാണ് നടി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.
Also Read : തിരക്കഥാകൃത്തിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതി; മുന്‍ജാമ്യം തേടി വികെ പ്രകാശ് ഹൈക്കോടതിയില്‍