ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ പൊടിമില്ലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. ദൂര പരിധിയില്ലാതെ പുതിയ മില്ലുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചതും, പായ്ക്കറ്റ് പൊടികളുടെ ഉപയോഗം വര്‍ധിച്ചതും ഈ മേഖലയെ പിന്നോട്ടടിക്കുന്ന കാരണങ്ങളാണ്. കൂടാതെ റേഷന്‍ കടകള്‍ വഴി നല്‍കി വന്നിരുന്ന ഗോതമ്പിന്‍റെ വിതരണം നിര്‍ത്തി പകരം ആട്ടയുടെ വിതരണം ആരംഭിച്ചതും പ്രതിസന്ധിക്ക് കാരണമായതായി മില്ല് നടത്തിപ്പുകാര്‍ പറയുന്നു.
സ്പെയര്‍ പാര്‍ട്‌സുകളുടെ വില വര്‍ധനവും വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും അടക്കം പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്. ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതും ഈ മേഖലയിലെ വരുമാന ഇടിവിന് ഇടവരുത്തിയിട്ടുണ്ട്. ഇതോടെ പൊടിമില്ലുകളുമായി ഉപജീവനം നടത്തിയവർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
മതിയായ വരുമാനം ലഭിക്കാതെ വന്നതോടെ മില്ലുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. ലൈസന്‍സ് ഫീസ്, കെട്ടിട നികുതി എന്നിവയും പൊടിമില്ല് നടത്തിപ്പുകാര്‍ക്ക് ബാധ്യതയായി മാറി.
റേഷൻ കട വഴിയുള്ള ആട്ട വിതരണം നിർത്തിവച്ച് ഗോതമ്പ് തന്നെ വിതരണം ചെയ്യുക, പച്ചരി വിതരണം തടസമില്ലാതെ ലഭ്യമാക്കുക, 15 എച്ച്പി വരെയുള്ള മോട്ടോറിന് ഫിക്‌സഡ് ചാർജ് വാങ്ങുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്നാണ് മില്ലുടമകൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
Also read: പ്രതീക്ഷിച്ച രീതിയില്‍ വേനല്‍മഴ ഇല്ല; ഹൈറേഞ്ചിലെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍