കോട്ടയം : കിഴക്കൻ മേഖലയിൽ നിന്നും വെള്ളം എത്തിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം. ഏറ്റുമാനൂർ കോട്ടയം നഗരസഭയുടെ വിവിധ ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. കോട്ടയം കുമരകം റൂട്ടിൽ ഇല്ലിക്കല്ലിൽ വെള്ളം കയറി.
ചെങ്ങളം, തിരുവാർപ്പ്, അയ്‌മനം, ആർപ്പൂക്കര, കരിപ്പൂത്തട്ട് അടക്കമുള്ള പടിഞ്ഞാറന്‍ മേഖലകളില്‍ ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. മേഖലയിൽ രാവിലെ മഴ ഒഴിഞ്ഞുനിന്നുവെങ്കിലും രാത്രിയിൽ ഒറ്റപ്പെട്ട മഴയുണ്ടായി. ഏറ്റുമാനൂർ പുന്നത്തറ കമ്പനിക്കടവ് പാലത്തിന് സമീപം റോഡിൽ വെള്ളം കയറി പ്രദേശം ഒറ്റപ്പെട്ടു. വടവാതൂർ ബണ്ട് മോസ്‌കോ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
വൈക്കം മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും വെള്ളം ഒഴുകിപ്പോകാൻ സാധ്യതയില്ലാത്തത് തിരിച്ചടിയായി. ജില്ലയില്‍ 23 ക്യാംപുകൾ തുറന്നിട്ടുണ്ട്. യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.