ഇടുക്കി: സ്‌കൂൾ തുറക്കാനുള്ള കാത്തിരിപ്പിലാണ് നെടുംകണ്ടം തേർഡ് ക്യാമ്പ് സ്‌കൂളിലെ കുരുന്നുകൾ. ഇനി മുതൽ പഠനം മാത്രമല്ല കളിയും ഇവിടെ ഹൈ ടെക് ആണ്. കേരളത്തിൽ പ്രൈമറി സ്‌കൂളിലെ ആദ്യ ടർഫ് ഇടുക്കി നെടുംകണ്ടം തേർഡ് ക്യാമ്പ് ഗവൺമെന്‍റ് എൽ പി സ്‌കൂളിൽ ഒരുങ്ങി കഴിഞ്ഞു.
മഴ പെയ്‌താൽ ചെളിനിറയുന്ന കളികളം തേർഡ് ക്യാമ്പിലെ കുരുന്നുകൾക്കു എന്നും സങ്കട കാഴ്‌ച ആയിരുന്നു. ഇനി ചെളി നിറഞ്ഞ കളിക്കളം ഇവിടെ ഇല്ല. ആർട്ടിഫിഷൽ പുല്ല് വിരിച്ച നല്ല ആധുനിക ടർഫാണ് തയ്യാറായത്.
ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപയും പാമ്പാടും പാറ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 13 ലക്ഷം രൂപയും ഉപയോഗിച്ചാണ് കേരളത്തിൽ ഒരു പ്രൈമറി സ്‌കൂളിൽ ആദ്യമായി ടർഫ് ഒരുക്കിയിരിയ്ക്കുന്നത് സ്‌കൂളിലെ പരിസ്ഥിതി സൗഹൃദ പാർക്കും ആധുനീക പഠന അന്തരീക്ഷത്തിനുമൊപ്പം ടർഫും കുട്ടികൾക്ക് പ്രിയങ്കരമാകുമെന്ന് ഉറപ്പാണ്.