കോഴിക്കോട്: വെള്ളയിൽ കാർ വർക്ക് ഷോപ്പിൻ്റെ പെയിന്‍റിങ് യൂണിറ്റിൽ വൻ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടുത്തം ഉണ്ടായത്. നിമിഷനേരം കൊണ്ട് തീ വർക്ക് ഷോപ്പിലാകെ ആളിക്കത്തി.
സംഭവമറിഞ്ഞ് പരിസരവാസികൾ തൊട്ടടുത്തുള്ള ബീച്ച് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും അരമണിക്കൂറിനു ശേഷമാണ് ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തിയത്. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. അതിനിടയിൽ വർക്ക് ഷോപ്പിന് തൊട്ടടുത്തുള്ള തെങ്ങിൽ തീ പടർന്നത് വലിയ ആശങ്കക്കിടയാക്കി.
സ്ഥലത്തെത്തിയ ബീച്ച് ഫയർ യൂണിറ്റ് അംഗങ്ങൾ തീ അണയ്ക്കാൻ പരിശ്രമിച്ചെങ്കിലും തീ നിയന്ത്രിക്കാൻ പറ്റാതായതോടെ മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നീ സ്ഥലങ്ങളിലെ ഫയർ യൂണിറ്റുകളെ കൂടി വിവരമറിയിച്ചു. മൂന്ന് സ്ഥലങ്ങളിൽ നിന്നായി അഞ്ച് ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിന്‍റെ ഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Also Read: കിനാലൂരിൽ റബ്ബർ തോട്ടത്തിൽ വൻ തീപിടിത്തം; നാല് ഏക്കറിലെ മരങ്ങള്‍ പൂർണ്ണമായി കത്തി നശിച്ചു
തീ പിടിച്ച വർക്ക് ഷോപ്പിന് തൊട്ടടുത്തായി കയർഫെഡ് ഗോഡൗണും കേരള സോപ്പ്സിന്‍റെ ഓഫീസും കെട്ടിടവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നിരവധി വീടുകളും ഇതിന് തൊട്ടടുത്തായുണ്ട്. എന്നാൽ ഇവയിലേക്കൊന്നും തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. വർക്ക് ഷോപ്പ് പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.