ഇടുക്കി: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ അടിമാലിയില്‍ ഒരാള്‍ അറസ്‌റ്റിലായി.ഇരുമ്പുപാലത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ധനകാര്യ സ്ഥാപനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
അടിമാലി വാളറ ഒഴുവത്തടം സ്വദേശി അഖിലിനെയാണ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ട് തവണകളായാണ് ഇരുമ്പുപാലത്ത് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ പ്രതി തട്ടിപ്പ് നടത്തി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയോളം കൈക്കലാക്കിയത്.
ഒരു പവന്‍ വീതം വരുന്ന ആറ് വളകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പ്രതി പണയപ്പെടുത്തിയതായാണ് പൊലീസ് നല്‍കുന്ന വിവരം. മാര്‍ച്ച് മാസത്തില്‍ സ്ഥാപനത്തില്‍ നടന്ന പരിശോധനയിലാണ് തട്ടിപ്പ് വിവരം തിരിച്ചറിയുന്നത്. ഉടന്‍ സ്ഥാപന അധികൃതര്‍ പ്രതിയുമായി ബന്ധപ്പെട്ടു. പണം തിരികെ നല്‍കാമെന്ന് പ്രതി അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണ് ഉണ്ടായതെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇതോടെ സ്ഥാപന അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
Also Read: സ്റ്റോക്ക് മാർക്കറ്റിന്‍റെ മറവിൽ കോടികളുടെ തട്ടിപ്പ്: തിരുവനന്തപുരം സ്വദേശിനി പിടിയിൽ
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് പ്രതി നേര്യമംഗലം മേഖലയില്‍ ഉണ്ടെന്ന വിവരം ലഭിക്കുകയും ഇവിടെ നിന്നും പൊലീസ് ഇയാളെ കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രതിക്ക് വ്യാജ ഉരുപ്പടികള്‍ നിര്‍മ്മിച്ച് നല്‍കിയ ആളെ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നതായാണ് വിവരം. എസ്ഐ മാരായ അഭിരാമ്, അബ്ബാസ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്‌റ്റഡിയില്‍ എടുത്തത്.