എറണാകുളം: എറണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തിലുണ്ടായ മഞ്ഞപ്പിത്ത ബാധയെക്കുറിച്ച് മജിസ്‌റ്റീരിയൽ അന്വേഷണം നടത്താൻ ജില്ലാ കളക്‌ടര്‍ എൻ എസ് കെ ഉമേഷ് ഉത്തരവിട്ടു. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 176(1) പ്രകാരം മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായ ഷൈജു പി ജേക്കബിനെ ഇതിനായി ചുമതലപ്പെടുത്തിയതായും കളക്‌ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. രണ്ടാഴ്‌ചയ്ക്കുള്ളിൽ അന്വേഷ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
മരണകാരണം, ഹെപ്പറ്റൈറ്റിസ് എ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായ ഘടകങ്ങള്‍ എന്തൊക്കെ,
ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അശ്രദ്ധയോ വീഴ്‌ചയോ ഉണ്ടായിട്ടുണ്ടോ, വ്യക്തിയുടെ മരണത്തിന് ഉത്തരവാദികൾ ആരാണ്, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ പ്രതിവിധികളും മുൻകരുതലുകളും, മരിച്ചയാളുടെ കുടുംബത്തിന് നൽകാവുന്ന പ്രതിവിധിയും ആശ്വാസവും തുടങ്ങിയ കാര്യങ്ങളാണ് മജിസ്‌റ്റീരിയൽ അന്വേഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
അതേസമയം മഞ്ഞപിത്തം നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ഇരുന്നൂറോളമായി ഉയർന്നിരുന്നു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഥിതി ഗതികൾ വിലയിരുത്താൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം ചേർന്നിരുന്നു. പഞ്ചായത്തും ജില്ല ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കളക്‌ടര്‍ സർക്കാരിന് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചികിത്സാ സഹായമുൾപ്പടെ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് മന്ത്രി പി രാജീവ് വ്യക്തമാക്കിയത്. അതേസമയം രോഗവ്യാപനം തടഞ്ഞതായും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ മാസം പതിനേഴിനാണ് ഹെപ്പറ്റെറ്റിസ് എ വിഭാഗത്തില്‍പ്പെട്ട മഞ്ഞപ്പിത്ത രോഗം വേങ്ങൂരിൽ റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു മാസമാകുമ്പോൾ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നിരിക്കുകയാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. സജീവന്‍, ജോളി രാജു എന്നിവർ രോഗബാധയെ തുടർന്ന് മരിച്ചു. മൂന്ന് പേർ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആകെ 43 പേരാണ് ആശുപത്രിയിലുള്ളത്. അതേസമയം ശുദ്ധ ജല വിതരണത്തില്‍ വീഴ്‌ച വരുത്തിയ വട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനോ രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താനോ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന വിമർശനമാണ് നാട്ടുകാർ ഉയർത്തുന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളിൽ നിന്ന് വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം പിടിപ്പെട്ടത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കാണാണ് ഔദ്യോഗികമായി പുറത്തു വരുന്നത്. പഞ്ചായത്ത് ഭരണസമതി നിർധരരായ രോഗികളെ സഹായിക്കാന്‍ പണം സ്വരൂപീക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. രോഗബാധ ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവർ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ചികിത്സയ്ക്ക് പണം കണ്ടെത്താൻ വാഹനങ്ങൾ വില്‌പന നടത്തിയും, പശുക്കളെ വിറ്റുമാണ് പലരും പണം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ഒന്നിലധികം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഇവരുടെ സഹായം സർക്കാർ ഉറപ്പുവരുത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ALSO READ: മലപ്പുറം എറണാകുളം ജില്ലകളില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്