ഇടുക്കി: ചിന്നക്കനാലിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു. മിസ്‌റ്റി ഹിൽ റിസോർട്ട് കയ്യേറിയ ഒരേക്കർ ആറു സെന്‍റ് ഭൂമിയാണ് ഒഴിപ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. 67 പേരുടെ പേരിലുള്ള ഈ ഭൂമിയിൽ സർക്കാർ ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഭൂമി ഏറ്റെടുക്കാൻ 2007ല്‍ അന്നത്തെ ജില്ലാ കലക്‌ടർ ഉത്തരവിട്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവ് വന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ 524 ,525, 527 എന്നീ സർവേ നമ്പറുകളില്‍പ്പെട്ട സ്ഥലമാണ് ഏറ്റെടുക്കാൻ ഉത്തരവായത്. മൂന്നാർ സ്‌പെഷ്യല്‍ ട്രിബൂണല്‍ രൂപീകരിച്ചപ്പോള്‍ മുതല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നിയമയുദ്ധം ആരംഭിച്ചിരുന്നു.
ട്രിബൂണലിന്‍റെ നിർദേശപ്രകാരം താലൂക്ക് സർവ്വെയർ ഭൂമി അളന്ന് റിപ്പോർട്ടും രേഖയും സമർപ്പിക്കുകയും ചെയ്‌തിരുന്നു. അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെന്നും അതില്‍ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്‍റെ ഭാഗങ്ങളും സംരക്ഷണ ഭിത്തി ഉള്‍പ്പെടെയുള്ളതെല്ലാം പൊളിച്ച് നീക്കണമെന്നും ട്രിബൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മോഹൻ കുമാർ എന്നയാളുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ രേഖകള്‍ പരിശോധിച്ച കോടതി 1.06 ഏക്കർ ഭൂമി ഭൂമി ഒഴിപ്പിക്കാനാണ് ഉത്തരവിട്ടത്. രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും സഹായത്തോടെ റിസോർട്ട് മാഫിയ കൈയേറിയ കോടികള്‍ വിലമതിക്കുന്ന സ്ഥലം നീണ്ട കാലത്തെ നിയമ യുദ്ധത്തിനൊടുവിലാണ് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൈയേറ്റ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്.
Also Read: ചിന്നക്കനാല്‍ ഭൂമി കയ്യേറ്റം; നിയമപരമായ നടപടികളെ സ്വാഗതം ചെയ്യുന്നു: മാത്യു കുഴൽനാടൻ