എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ്. പ്രതികളിൽ നിന്നും കണ്ടുകെട്ടിയ പണം നിക്ഷേപകരിൽ പണം നഷ്ട്ടമായവർക്ക് നൽകാമെന്ന് കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചു. കരുവന്നൂർ ബാങ്കിലെ 33 ലക്ഷം തിരിച്ച് കിട്ടാൻ ഇഡി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരിൽ ഒരാൾ കോടതിയെ സമീപിച്ചിരുന്നു.
ഈ കേസിലാണ് ഇഡി പണം നൽകുന്നതിലുള്ള നിലപാട് കോടതിയെ രേഖാമൂലം അറിയിച്ചത്. ഇതുവരെ 54 പ്രതികളിൽ നിന്നായി 108 കോടി രൂപയുടെ പണവും സ്വത്തുവകകളുമാണ് പിടിച്ചെടുത്തത്. കേസ് കഴിയുന്നതിന് മുമ്പ് തന്നെ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിൽ എതിർപ്പില്ല.
എന്നാൽ കേസ് പരിഗണിക്കുന്ന കോടതി നിർദേശപ്രകാരം മാത്രമായിരിക്കും പണം തിരികെ നിൽകുക. പണം നഷ്‌ടമായ അപേക്ഷകർ കോടതിയിൽ രേഖാമൂലം അപേക്ഷ നൽകിയാൽ പണം തിരികെ നൽകുന്നതിൽ എതിർപ്പില്ലെന്നാണ് ഇഡി വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പിഎംഎൽഎ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്.
കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ അനുമതിയോടെയാണ് ഇഡി കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് സൂചന. അതേസമയം പിഎംഎൽഎ നിയമയത്തിലെ പുതിയ ഭേദഗതി പ്രകാരം അന്വേഷണ ഏജൻസിക്ക് ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഇഡി നൽകുന്ന വിവരം.
തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇഡി നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ നീക്കമായും ഇതിനെ വിലയിരുത്തപ്പെടുന്നു. കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേയൊരു നിലപാടാണ് കോടതിയിൽ ഇഡി അറിയിച്ചതെന്നതിന് രാഷ്ട്രീയമായ പ്രാധാന്യവും ഏറെയുണ്ട്.