തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്. തിരുവനന്തപുരം പൂന്തുറയിലാണ് ചൈനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയത്. ചൈനയിലേക്ക് പോയ പൂന്തുറ സ്വദേശികളും സഹോദരങ്ങളുമായ ജോൺ പോൾ, ജോൺ പ്രബിൻ എന്നിവരെ കുറിച്ച് പത്ത് ദിവസമായി ഒരു വിവരവും ഇല്ല. പൂന്തുറ സ്വദേശി തന്നെയായ സുജിത്ത് എന്നയാളാണ് ചൈനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഇവരെ പണം വാങ്ങി വഞ്ചിച്ചതെന്ന് ബന്ധുക്കൾ ഇടിവി ഭാരതിനോട് പറഞ്ഞു.
12,20,000 രൂപ നൽകിയാൽ ചൈനയിൽ മാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ഇരുവരുടെയും പിതാവായ ബേബി ജോൺ ഓഖി ദുരന്തത്തിനിടെ ഉണ്ടായ അപകടത്തിൽപ്പെട്ട് രോഗാവസ്ഥയിലാണ്. കടം വാങ്ങിയ പണം കൊണ്ടാണ് സഹോദരങ്ങൾ ചൈനയിലേക്ക് പോയത്. എന്നാൽ ചൈനയിലേക്ക് പോയ ശേഷം ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇരുവരെയും മാറ്റുകയായിരുന്നു എന്ന് ബന്ധുക്കൾ ഇടിവി ഭാരതിനോട് പറഞ്ഞു.
സമാനമായി വഞ്ചിക്കപ്പെട്ട ചിലർ തിരികെ നാട്ടിലെത്തിയപ്പോഴാണ് ബന്ധുക്കൾ യുവാക്കളുടെ ദുരവസ്ഥ മനസ്സിലാക്കുന്നത്. തുടർന്ന് ചൈനയിലെ ഇരുവരുടെയും താമസത്തിനും ഭക്ഷണത്തിനുമായി മൂന്നര ലക്ഷത്തോളം രൂപ ബന്ധുക്കൾ വീണ്ടും അയച്ചു കൊടുത്തു. മെയ് 19ന് ശേഷം ഇരുവരുടെ യാതൊരു വിവരവും ഇല്ല എന്നാണ് ഇപ്പോൾ ബന്ധുക്കൾ പറയുന്നത്.
അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് വിളിക്കാൻ സൗകര്യമൊരുക്കുന്നതിനായി പണമടയ്ക്കണം. എന്നാൽ ഇത് പറഞ്ഞ് സുജിത്തിനെ സമീപിച്ചെങ്കിലും അയാൾ അപമാനിച്ചു വിടുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് കമ്മീഷണർക്കും ബന്ധുക്കൾ പരാതി കൊടുത്തിട്ടുണ്ട്. പ്രദേശത്ത് നിരവധി യുവാക്കൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കാണാതായ ജോൺ പോളിനന്‍റെയും ജോൺ പ്രബിന്‍റെയും ബന്ധുക്കൾ ആരോപിക്കുന്നത്.
ALSO READ: ജോലി തേടി തായ്‌ലന്‍ഡില്‍ എത്തി, മലയാളി യുവാക്കളെ സായുധ സംഘം തടവിലാക്കിയതായി പരാതി; മോചനം കാത്ത് കുടുംബം