കാസർകോട്: വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പൊലീസിന് ലഭിച്ചത് വൻ ലഹരി മരുന്ന് ശേഖരം. ഉപ്പള പത്ത്വാടി കൊണ്ടയൂരിലെ വീട്ടിലെ രണ്ടാം നിലയിൽ നിന്നാണ് ലഹരി മരുന്നുകള്‍ പിടികൂടിയത്. ചെറിയ പാക്കറ്റുകളിലായി ഏതാണ്ട് മൂന്നരക്കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയും ഒരു കിലോയോളം ബ്രൗൺ ഷുഗറും കഞ്ചാവുമാണ് പിടികൂടിയത്. 640 ഗ്രാം ഗ്രീൻ ഗഞ്ചയും 96.96 ഗ്രാം കൊക്കെയ്‌നും 30 ലഹരി കാപ്‌സ്യൂളുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.
സംഭവത്തില്‍ കൊണ്ടയൂർ സ്വദേശി അസ്‌കർ അലിയെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷം ചോദ്യം ചെയ്‌തുവരികയാണ്. കഴിഞ്ഞ ദിവസം മേൽപ്പറമ്പ് പൊലീസ് എംഡിഎംഎയുമായി പിടികൂടിയ കാസർകോട് സ്വദേശി അബ്‌ദുൾ റഹ്മാനിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് കാസർകോട് ഡിവൈഎസ്‌പി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായെത്തി ഉപ്പള കൊണ്ടയൂരിലെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
കാസർകോട്, കണ്ണൂർ ജില്ലകള്‍ കേന്ദ്രീകരിച്ച് വിൽപനയ്ക്ക് എത്തിച്ചതാണ് മയക്കുമരുന്ന് എന്നാണ് പൊലീസ് നൽകുന്ന വിവരം. ലഹരി മരുന്നുകള്‍ ബെംഗളൂവിൽ നിന്നും എത്തിച്ചതാണെന്നും പൊലീസ് പറയുന്നു. അതേസമയം മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
ഇതിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനാൽ തത്കാലം മറ്റ് വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധ്യമല്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‌പ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Also Read: മയക്കുമരുന്ന് ലഹരിയിൽ യുവതിയുടെ പരാക്രമം; വനിതാ പൊലീസുകാർക്ക് പരിക്ക്