തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിച്ച് പരിശീലനം നൽകി ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പദ്ധതി അവിഷ്‌ക്കരിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ച് കെഎസ്ആർടിസിയിലെ വിദഗ്‌ദ്ധരായ ഇൻസ്ട്രക്‌ടർമാരെ ഉപയോഗിച്ച് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത് (KSRTC Driving-Schools).
അതാതിടങ്ങളിൽ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസൻസ് ലഭ്യമാക്കും. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശമനുസരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിന് മന്ത്രി നിർദേശം നൽകി. പുതിയ പദ്ധതിയിലൂടെ കൂടുതൽ സമയം കൃത്യതയോടെയുള്ള പരിശീലനം നൽകി ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് യോഗ്യത സൃഷ്‌ടിക്കാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.
Also Read: മന്ത്രിയെ കാണാൻ എത്തേണ്ട ; സ്ഥലംമാറ്റത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ദേശം
സാധാരണക്കാർക്ക് ഇപ്പോൾ വഹിക്കേണ്ടി വരുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കാൻ സാധിക്കുന്ന നിലയിൽ കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നത് സംബന്ധിച്ച വിശദമായ സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതടക്കം പരിഗണിക്കുമെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.