ഇടുക്കി: ഇരട്ട വോട്ട് പിടികൂടി പോളിങ് ഉദ്യോഗസ്ഥർ. ഇടുക്കി ചെമ്മണ്ണാർ സെന്‍റ് സേവിയേഴ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിലെ 57-ാം നമ്പർ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തമിഴ് നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂർണമായും മായ്ക്കുവാൻ സാധിക്കാതെ എത്തിയ വനിതയെ ആണ് ഉദ്യോഗസ്ഥർ തിരിച്ചയത്. ഇവരുടെ ഭർത്താവ് നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.
ഇടുക്കി, എറണാകുളം ജില്ലകളിലായാണ് ഇടുക്കി പാർലമെൻ്റ് മണ്ഡലം വ്യാപിച്ചു കിടക്കുന്നത്. ഇത്തവണ പ്രചാരണത്തിന് കൂടുതൽ ദിവസങ്ങൾ കിട്ടിയതിനാൽ സ്ഥാനാർഥികൾക്ക് ഓരോ മേഖലകളിലും മുഴുവനായും എത്താനായി. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തന നേട്ടങ്ങൾ ആവർത്തിച്ചു പറഞ്ഞായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിൻ്റെ വോട്ട് അഭ്യർത്ഥന നടത്തിയിരുന്നത്.
ഡീനിന് ഇത്തവണ തുടർ ഭരണം കിട്ടുമെന്ന് ഉറച്ച വിശ്വാസമാണ് പ്രകടിപ്പിച്ചത്. എന്നാൽ, കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങളാണ് എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജ് വോട്ടർമാരോട് ആവർത്തിച്ച് പറഞ്ഞിരുന്നത്.
ജോയ്‌സ് ജോർജ് വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി അംഗൻവാടി 88-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ അനുപമ ജോസുമൊത്താണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്. ഇടുക്കിയിലെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന ജനങ്ങൾ വോട്ട് നൽകുമെന്നും ഇടതുപക്ഷം വൻ വിജയം നേടുമെന്നും ജോയിസ് ജോർജ് പറഞ്ഞു.