ഇടുക്കി: ഇടുക്കിയിൽ ഒരു തേയില തോട്ടം കാണണമെങ്കിൽ എവിടെ പോകണം എന്നതാണ് ചോദ്യമെങ്കിൽ, ഉത്തരം മൂന്നാറും വാഗമണ്ണും പീരുമേടും എന്നൊക്കെ ആയിരിക്കും. ഇതെല്ലാം നല്ല ഹൈറേഞ്ച് പ്രദേശങ്ങളാണ്. എന്നാൽ ഹൈറേഞ്ചിന്‍റെ കുത്തകയായ തേയിലകൃഷി ലോറേഞ്ചിലും വിളയുമെന്ന് തെളിയിക്കുകയാണ് ഒരു കർഷകൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തൊടുപുഴയ്ക്കടുത്ത് ഉപ്പുകുന്ന് സ്വദേശി ദിവാകരനാണ് ഏക്കറുകണക്കിന് തേയില കൃഷി വിജയകരമായി ചെയ്‌തിരിക്കുന്നത്. കൃഷി വിജയിച്ചെങ്കിലും തേയില കർഷകർക്ക് അർഹമായ ആനുകൂല്യം കിട്ടുന്നില്ലെന്ന പരാതി ഈ കർഷകനുണ്ട്. ഉപ്പുകുന്നിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ആയി തേയില കൃഷി ചെയ്യുന്നയാളാണ് ദിവാകരൻ.
തേയില കൃഷി ആരംഭിക്കുവാൻ ടീ ബോർഡ് വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച ക്ലാസിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇദ്ദേഹം തന്‍റെ രണ്ടര ഹെക്‌ടർ സ്ഥലത്ത് തേയില നട്ടത്. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി ഉയരത്തിലാണ് സാധാരണ തേയില കൃഷി ചെയ്യുക. എന്നാൽ 1900 അടി ഉയരത്തിലുള്ള തന്‍റെ കൃഷിയിടത്തിലും ഇദ്ദേഹം തേയില നട്ടുപിടിപ്പിക്കുകയായിരുന്നു. നാല് വർഷം കൊണ്ട് നല്ല വിളവും കിട്ടി.
രാപ്പകൽ നീണ്ട കഠിനാധ്വാനത്തിന് പുറമേ നാട്ടുകാരുടെ ആക്ഷേപവും സഹിച്ചാണ് ദിവാകരൻ കൃഷി തുടർന്നത്. പച്ചപ്പ് നിറഞ്ഞ തോട്ടവും മികച്ച വിളവും വരുമാനവുമായിരുന്നു എല്ലാത്തിനുമുള്ള മറുപടി. ജൈവ കൃഷി ആയതിനാൽ കൊളുന്ത് ചോദിച്ച് ആവശ്യക്കാർ ഏറെ എത്തുന്നുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് കിട്ടിയ അതേ വില തന്നെയാണ് ഇപ്പോഴും ലഭിക്കുന്നതെന്ന പരാതിയും ഈ ദിവാകരനുണ്ട്.
പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതുകൊണ്ട് ദിവാകരൻ ഇപ്പോൾ തേയില, പൊടി ആക്കുന്നതിനു പകരം പച്ചക്കൊളുന്ത് പുറത്ത് കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്രത്തോളം കഷ്‌ടപാടുകൾ സഹിച്ചിട്ടും അർഹത പെട്ട പരിഗണന കിട്ടുന്നില്ലെന്നാണ് ഈ കർഷകന്‍റെയും പരാതി.
Also Read : മായമില്ലാത്ത 'തിരുവാർപ്പ് ചില്ലീസ്'; നൂറുമേനി വിളഞ്ഞ് പഞ്ചായത്തിന്‍റെ പച്ചമുളക് കൃഷി