തിരുവനന്തപുരം: ദേനാ ബാങ്ക് കൊല്ലം ശാഖയിലെ മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടൻ്റ്, ഇയാളുടെ ഭാര്യ എന്നിവരെ കോടതി വിവിധ വകുപ്പുകളിലായി 22 വര്‍ഷം കഠിന തടവിനും 81 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പരമാവധി ശിക്ഷയായ ഏഴ് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി എങ്കിലും പ്രതികള്‍ക്കെതിരെ കനത്ത പിഴയാണ് കോടതി ചുമത്തിയത്.
ഒന്നാം പ്രതിയും മുന്‍ മാനേജരുമായ തൃശ്ശൂര്‍ പൂതൃക്കല്‍ സ്വദേശി പി വി സുധീറിന് മൂന്ന് ലക്ഷം രൂപയും, രണ്ടാം പ്രതിയും മുന്‍ അക്കൗണ്ടൻ്റുമായ കൊല്ലം മലയാഴി സഭ തേവളളി ഓലയില്‍ നാരായണമന്ദിരം സ്വദേശി എന്‍ ബാലകൃഷ്‌ണന്‍ നായര്‍ക്ക് 42 ലക്ഷവുമാണ് പിഴ. ബാലകൃഷ്‌ണന്‍ നായരുടെ ഭാര്യയും കേസിലെ നാലാം പ്രതിയുമായ കെ എം സിന്ധുവിന് 36 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രത്യേക സിബിഐ കോടതി ജഡ്‌ജി കെ എസ് രാജീവാണ് പ്രതികളെ ശിക്ഷിച്ചത്.
കേസിലെ സാക്ഷിയും സാമ്പത്തിക നഷ്‌ടം ഉണ്ടായിട്ടുളള ആളുകളുമായ പി സി ഗോപകുമാറിന് 35 ലക്ഷം രൂപയും, ഹരിഹരൻ, ദീപാ കൃഷ്‌ണൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവും നഷ്‌ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചു. ഇത് പ്രതികള്‍ കോടതിയില്‍ അടയ്ക്കുന്ന പിഴ തുകയില്‍ നിന്ന് സാക്ഷികള്‍ക്ക് നല്‍കണം.
പ്രതികള്‍ പിഴ തുക ഒടുക്കിയില്ലെങ്കില്‍ രണ്ടാം പ്രതിയുടെ പേരിലുള്ള 1.2 കോടി രൂപ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു വയ്ക്കാനും പ്രതികൾ നഷ്‌ടപരിഹാരം നല്‍കിയ ശേഷം മാത്രം തുക പിന്‍വലിക്കാന്‍ രണ്ടാം പ്രതിയെ അനുവദിക്കാനും കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല പ്രതികള്‍ വായ്‌പാ തട്ടിപ്പിലൂടെ നേടിയ വസ്‌തുവകകള്‍ വിറ്റ് ഇടപാടുകാര്‍ക്ക് ഉണ്ടായ നഷ്‌ടം പരിഹരിക്കാന്‍ ബാങ്കിനെ കോടതി ചുമതലപ്പെടുത്തി.
35- ഓളം വ്യാജ വായ്‌പാ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയ ഇടപാടുകാരുടെ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റിൻ്റെ പകര്‍പ്പ് ഉപയോഗിച്ച് സ്ഥിര നിക്ഷേപത്തെ ജാമ്യമാക്കി വായ്‌പകള്‍ എടുത്താണ് തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ബാലകൃഷ്‌ണന്‍ നായര്‍ തൻ്റെ ഭാര്യ സിന്ധുവിൻ്റെയും മറ്റ് ബന്ധുക്കളുടെയും പേരില്‍ വസ്‌തുക്കള്‍ വാങ്ങി. എരുമേലിയില്‍ ഏക്കറു കണക്കിന് വസ്‌തുക്കളാണ് പ്രതികള്‍ വാങ്ങിയത്. 2011 ജൂണ്‍ മുതല്‍ 2014 ഏപ്രില്‍ വരെയായിരുന്നു തട്ടിപ്പുകള്‍ ഏറെയും നടന്നത്. പ്രോസിക്യൂഷന് വേണ്ടി സിബിഐ പ്രോസിക്യൂട്ടര്‍ സി ഷാ ദാസ് ഹാജരായി.
Read More : 'തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി' ; മണ്ഡലം പ്രസിഡൻ്റുമാർക്കെതിരെ തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ