പത്തനംതിട്ട: കുവൈറ്റിലെ മാംഗഫില്‍ എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശ് എസ് നായരുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു. ഇടപ്പോണെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ വീട്ടിൽ എത്തിച്ചു പൊതുദർശനത്തിന് വച്ചു. ഉച്ചയ്ക്ക് 2 മണിയോടെ സംസ്‍കാര ചടങ്ങുകൾ നടന്നു.
രാവിലെ 11 മുതല്‍ പൊതുദര്‍ശനം ആരംഭിച്ചതു മുതല്‍ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്‍റോ ആന്‍റണി എംപി, തുടങ്ങി സാമൂഹ്യ, മത, സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിനുവേണ്ടി അടൂര്‍ ആര്‍ഡിഒ വി ജയമോഹന്‍ അന്തിമോപചാരമര്‍പ്പിച്ചു.
ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ ഒന്നര വർഷം മുൻപാണ് ആകാശ് നാട്ടിൽ എത്തി മടങ്ങിയത്. അവിവാഹിതനായ ആകാശ് ഈ ഓണത്തിന് നാട്ടിൽ വരാൻ ഇരിക്കെയാണ് അപകടം. ആകാശ് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവ് ശശിധരൻ നായരുടെ മരണം. മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ അമ്മ ശോഭനകുമാരിയാണ് ആകാശിനെയും സഹോദരി ശാരിയെയും പഠിപ്പിച്ചതും വളർത്തിയതും.
വീടിന്‍റെ ആശ്രയമായിരുന്ന ഏക മകന്‍റെ വിയോഗം മാതാവ് ശോഭനകുമാരിയെ തീരാ ദുഖത്തിലാക്കി. മകന്‍റെ വിവാഹം നടന്നു കാണാൻ ശോഭന കുമാരി ഏറെ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ 8 വർഷമായി ആകാശ് കുവൈറ്റിൽ ജോലി നോക്കി വരികയായിരുന്നു.
ALSO READ: കുവൈറ്റ് ദുരന്തം ദൗര്‍ഭാഗ്യകരം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും : കെജി എബ്രഹാം