തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്നുചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നൽകും. എല്‍ഡിഎഫില്‍ സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാകും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വൈകിട്ട് 3 മണിക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുക.
ഇന്നലെ (26-02-2023) സിപിഐയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിരുന്നു. പിന്നാലെയാണ് സി പി എമ്മും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത് ( Lok Sabha Election). കേരള കോണ്‍ഗ്രസ് (Kerala Congress ) (എം) ആയിരുന്നു എല്‍ ഡി എഫില്‍ ഏറ്റവും ആദ്യം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
സിപിഎമ്മിലെ നിലവിലെ ധാരണയനുസരിച്ച് ആറ്റിങ്ങലില്‍ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില്‍ തോമസ് ഐസക്, ആലപ്പുഴയില്‍ എ എം ആരിഫ്, എറണാകുളത്ത് കെ ജെ ഷൈന്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, ആലത്തൂര്‍ കെ രാധാകൃഷ്‌ണന്‍, മലപ്പുറം വി വസീഫ്, പൊന്നാനി കെ എസ് ഹംസ, കോഴിക്കോട് എളമരം കരീം, വടകര കെ കെ ശൈലജ, പാലക്കാട് എ വിജയരാഘവന്‍, കണ്ണൂര്‍ എം വി ജയരാജന്‍, കാസര്‍കോട് എം വി ബാലകൃഷ്‌ണന്‍ എന്നിവരാകും മത്സരിക്കുക. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സി എ അരുണ്‍ കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് സി പി ഐ സ്ഥാനാര്‍ഥികള്‍. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി കോട്ടയത്ത് തോമസ് ചാഴിക്കാടനാണ് മത്സരിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നലെ ചേർന്നിരുന്നു. കൂടാതെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ തുടങ്ങും. യാേഗത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് മുഖ്യ ചര്‍ച്ചാവിഷയമാകും. രണ്ട് ദിവസങ്ങളിലായാണ് യോഗം നടക്കുക.
Also read : 'തൃശൂരിലേത് രാഷ്‌ട്രീയ പോരാട്ടം, മണ്ഡലം തിരിച്ച് പിടിക്കും': വിഎസ് സുനില്‍കുമാര്‍
തിരുവനന്തപുരം വിളപ്പിൽ ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ ഇന്നും നാളെയുമായി തലസ്ഥാനത്ത് എത്തും. ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സാഹചര്യം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും.