കോട്ടയം: ആകാശ പാത സംബന്ധിച്ചുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ പ്രസ്‌താവന അമളി മറയ്ക്കാനെന്ന് സിപിഎം. സിപിഎമ്മിൻ്റെ ശത്രുതയാണ് പദ്ധതിക്ക് തടസമായതെന്ന വാദം മുഖം രക്ഷിക്കാൻ മാത്രമാണെന്ന് സിപിഎം ജില്ല സെക്രട്ടറി എവി റസൽ പറഞ്ഞു. വികസന നായകൻ എന്ന് കാട്ടാനുള്ള വെപ്രാളത്തിൻ്റെ തെളിവാണ് ആകാശ പാത പദ്ധതിയെന്നും തിരുവഞ്ചൂർ കൊണ്ടുവന്ന പദ്ധതികൾക്ക് പിന്നിലെല്ലാം അഴിമതിയുണ്ടെന്നും സിപിഎം നേതാക്കൾ ആരോപിച്ചു.
കോട്ടയം നഗരമധ്യത്തിലെ ആകാശ പാത പൊളിച്ച് നീക്കുമെന്ന് നിയമസഭയിൽ ഗതാഗത മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പദ്ധതി കൊണ്ടുവന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സിപിഎമ്മിന് മേൽ പഴിചാരിയത്. അതേസമയം പദ്ധതി അശാസ്ത്രീയമായത് കൊണ്ടാണ് കോടതി പോലും എതിരായതെന്നും സ്വന്തം അബദ്ധം മറയ്ക്കാൻ സിപിഎമ്മിൻ്റെ മേൽ കുതിര കയറേണ്ടെന്നും സിപിഎം കോട്ടയം ജില്ല സെക്രട്ടറി പറഞ്ഞു. കാൽ നടക്കാർക്ക് സഞ്ചരിക്കാൻ ഉദ്ദേശിച്ച് നിർമാണം ആരംഭിച്ച പദ്ധതി അശാസ്ത്രീയമെന്ന് തെളിഞ്ഞു.
ഈ സാഹചര്യത്തിൽ തിരുവഞ്ചൂർ അബദ്ധം തുറന്നു സമ്മതിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് എവി റസൽ ആവശ്യപ്പെട്ടു. സിപിഎം ഒരു വേദിയിലും പദ്ധതി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടിട്ടില്ല എന്നും റസൽ കൂട്ടിച്ചേർത്തു.
സ്ഥലം ഏറ്റെടുക്കാതെയാണ് പദ്ധതി ആരംഭിച്ചതെന്നും പദ്ധതിക്ക് പിന്നിൽ അഴിമതിയുണ്ടെന്നും സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽ കുമാർ ആരോപിച്ചു. കച്ചേരി കടവിലെ വാട്ടർ ഹബ്ബ് കോടിമത സമാന്തര പാലം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഈ വിഷയത്തിൽ തുറന്ന സംവാദത്തിന് തിരുവഞ്ചൂരിനെ വെല്ലുവിളിക്കുന്നു എന്നും അനിൽ കുമാർ പറഞ്ഞു. ആകാശ പാത പൊളിച്ചു നീക്കുന്നതിൻ്റെ ചെലവ് തിരുവഞ്ചൂർ വഹിക്കണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു.
ആകാശ പാതയ്ക്ക് എതിരെയുള്ള കേസിൽ സിപിഎം കക്ഷി ചേർന്നിട്ടില്ല. പൊതുതാത്പര്യ ഹർജിയിലാണ് കോടതി നിർദ്ദേശമുണ്ടായിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. 2016ൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മന്ത്രിയായിരിക്കെയാണ് ആകാശ പാത പദ്ധതി ആരംഭിച്ചത്. നേതാക്കളായ കെഎം രാധാകൃഷ്‌ണൻ, റെജി സക്കറിയ എന്നിവരും വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.
Also Read : കോട്ടയത്ത് കനത്ത മഴ: റോഡുകളില്‍ വാഹനം തെന്നിമാറി അപകടം, വ്യാപക നാശനഷ്‌ടം - Rain Updates In Kottayam