തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് നാളെ (ജനുവരി 28) മുതൽ തിരുവനന്തപുരത്ത് തുടക്കം. രണ്ട് ദിവസത്തേക്കാണ് യോഗം. ഇന്ത്യ മുന്നണിയിൽ നിർണായക നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കേന്ദ്ര കമ്മിറ്റി യോഗം തലസ്ഥാനത്ത് ചേരുന്നത്.
തിരുവനന്തപുരം വിളപ്പിൽ ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ ഇന്നും നാളെയുമായി തലസ്ഥാനത്ത് എത്തും. ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സാഹചര്യവും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും യോഗത്തില്‍ ഉണ്ടായേക്കും. കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുകയെന്ന് തലസ്ഥാനത്തെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് (ജനുവരി 27) രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സിപിഎമ്മിനൊപ്പം പങ്കെടുക്കില്ലെന്ന് ബംഗാളിൽ മമത വ്യക്തമാക്കിയിരുന്നു. മുന്നണി നീക്കങ്ങളെ ബാധിക്കുന്ന ഈ ആശയ കുഴപ്പവും യോഗം വിലയിരുത്തും. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നീക്കങ്ങളും പാർട്ടി വിലയിരുത്തി വരികയാണ്.
ഫെബ്രുവരി 8ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയില്‍ സമരം നടക്കാനിരിക്കെ കേന്ദ്ര അവഗണന സംസ്ഥാനങ്ങളിൽ പ്രധാന പ്രചാരണ തന്ത്രമാക്കാനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരുന്നത്.