കണ്ണൂർ: കേരളത്തിൽ സംസ്ഥാനത്ത് മിന്നും വിജയം യുഡിഎഫ് കരസ്ഥമാക്കിയപ്പോഴും തൃശൂരിലെ കെ മുരളീധരന്‍റെ പരാജയം യുഡിഎഫ് മുന്നണിക്കും കോൺഗ്രസിനും വലിയ തിരിച്ചടിയായി. ഇതിന് പിന്നാലെ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന മുരളീധരന്‍റെ തുറന്നുപറച്ചിൽ കൂടി വന്നതോടെ കോൺഗ്രസ് നേതൃത്വം ഒന്നു കൂടി ഞെട്ടി.
ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വവും യുഡിഎഫ് നേതൃത്വവും നേതാക്കളും ഒറ്റക്കെട്ടായി മുരളീധരനെ പിന്തുണച്ച് രംഗത്ത് എത്തിയത്. മുരളി ഏത് പദവിയും വഹിക്കാൻ യോഗ്യനെന്നു പറഞ്ഞ സുധാകരൻ വേണ്ടിവന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനം മുരളിക്ക് നൽകാമെന്നും തുറന്ന് പറഞ്ഞു.
താൻ കെപിസിസി പ്രസിഡന്‍റ് പദവിയിൽ കടിച്ചു തൂങ്ങില്ലന്നും സുധാകരൻ വ്യക്തമാക്കി. ഇതോടെ മുന്നണിയും പാർട്ടിയും മുഖം മിനിക്കലിന് ഒരുങ്ങാകയാണെന്ന സൂചനയാണ് പുറത്ത് വരുന്നത്. കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന സുധാകരന്‍റെ അഭിപ്രായവും ഇതിന്‍റെ സൂചനയാണ്. യുഡിഎഫിന് കെഎം മാണിയെ മറക്കാനാവില്ലെന്നും മുന്നണിയിൽ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണെന്നുമായിരുന്നു കെ സുധാകരന്‍റെ അഭിപ്രായം.