കണ്ണൂർ : കൂത്തുപ്പറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്‌പൻ (54) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഓഗസ്‌റ്റ് 2ന് വൈകിട്ടാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി ചികിത്സയിലായിരുന്നു.
‘നീ വീണുപോയിട്ടും നിന്‍റെ വെളിച്ചം മങ്ങിയിട്ടില്ല, അവർ നിന്നെ നിശബ്‌ദനാക്കിയില്ല, നീ മൂകനല്ല നിന്‍റെ കരുത്തും ആവേശവും ഞങ്ങളെന്നും കാത്തു സൂക്ഷിക്കുന്നു, അവർക്ക് ഞങ്ങളെ തടയാനാകില്ല, പ്രിയ സഖാവേ....’കൂത്തുപറമ്പ് വെടിവയ്‌പ്പിന്‍റെ വാർഷികദിനത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി പുഷ്‌പന് സമ്മാനിച്ച ഫലകത്തിലെ വരികളാണിത്. ഇന്ന് പുഷ്‌പൻ ഓർമയാകുമ്പോൾ ചൊക്ലി മേനപ്രത്തെ വീടിന്‍റെ വിപ്ലവം ആണ് നിലച്ചു പോയത്.
അവശതയുടെ കിടക്കയിൽ 29 വർഷങ്ങൾ പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ കേരളത്തിലെ സിപിഎമ്മിന് പുഷ്‌പനോളം പകരം വയ്ക്കാൻ മറ്റൊരു വൈകാരിക പ്രതീകമില്ല. വീണുപോയിട്ടും വെളിച്ചം മങ്ങിയില്ലെന്നത് നേർ സാക്ഷ്യമായി കിടക്കുമ്പോഴും പാർട്ടി പലപ്പോഴായി തെറ്റായ ദിശകളിൽ സഞ്ചരിച്ചുവെന്ന് പുഷ്‌പന് തോന്നിയിട്ടുണ്ടാകാം. അപ്പോഴും പാർട്ടിയാണ് ശരിയെന്ന് പുഷ്‌പൻ ഉറച്ച് വിശ്വസിച്ചു.
കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്‌പന് എട്ടാം ക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം ഉണ്ടായിരുന്നത്. സിപിഎം സംഘടന പ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാൻ ജോലി ആവശ്യമാണെന്ന ഘട്ടത്തിൽ പുഷ്‌പന് ബെംഗളൂരുവിലേക്ക് വണ്ടി കയറേണ്ടി വന്നു. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി.
അവധിക്ക് നാട്ടിലെത്തിയപ്പോൾ സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധ സമരത്തിന്‍റെ നടുവിലായിരുന്നു പുഷ്‌പനും അദ്ദേഹം വിശ്വസിക്കുന്ന സംഘടനയും. അതിന്‍റെ ഒത്ത നടുവിലേക്ക് തന്നെ പുഷ്‌പനും എടുത്തു ചാടി. പക്ഷെ സുന്ദരമായൊരു ജീവിതത്തിലേക്ക് ഇനിയൊരിക്കലും ഒരു തിരിച്ചു പോക്കുണ്ടാവില്ലെന്ന് പുഷ്‌പൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.
ആ സമരത്തെ എതിരിടാൻ മുമ്പിൽ ഉണ്ടായിരുന്നത് പാർട്ടിയെ ഒരുഘട്ടത്തിൽ മുന്നിൽ നിന്ന് നയിച്ച മുൻ സഖാവായിരുന്ന എംവി രാഘവനായിരുന്നു. അന്നത്തെ സിപിഎമ്മിന്‍റെ കുലം കുത്തി. രണ്ട് വിഭാഗവും ശത്രു സൈന്യമായി നിന്ന് പോർമുഖം തുറന്നപ്പോൾ ഭരണകൂടം അതിന്‍റെ തോക്കിൽ നിന്ന് നിറയൊഴിച്ചു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്‌പന്‍റെ സുഷുമ്‌ന നാടിക്ക് ആണ് പ്രഹരം ഏൽപ്പിച്ചത്. അന്ന് കഴുത്തിന് താഴേക്ക് തളർന്ന് കിടപ്പിലായതാണ് പുഷ്‌പൻ.
29 വർഷങ്ങൾ അതിജീവിച്ചെങ്കിലും ദേഹപീഡകൾ അന്ന് മുതൽ പുഷ്‌പനെ വിട്ടൊഴിഞ്ഞതേയില്ല. പാർട്ടിയുടെ വലയത്തിൽ പ്രവർത്തകരുടെ കൈപിടിച്ചാണ് പിന്നീട് ജീവിതം തള്ളി നീക്കിയത്. ബ്രാഞ്ച് സെക്രട്ടറി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ അക്കൂട്ടത്തിലുണ്ട്. പക്ഷെ വർഷങ്ങൾ കടന്നു പോയപ്പോൾ പാർട്ടിയും പതിയെ മാറി തുടങ്ങിയിരുന്നു.
'സ്‌മരണകളിരമ്പും രണ സ്‌മാരകങ്ങളെ' എന്ന് കണ്ണൂരിലെ സഖാക്കൾ പാടുന്നത് കൂത്തുപറമ്പിലെ അഞ്ച് രക്ത സാക്ഷികളെയും പുഷ്‌പനെയും കൂടിയോർത്താണ്. എന്നാൽ സൗകര്യപ്രദമായി കണ്ണൂരിലെ പാർട്ടി കൂത്തുപറമ്പ് സ്‌മരണകൾ മറന്നിട്ടുണ്ട്. ഇടത് ഭരണകാലത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയതും പരിയാരം മെഡിക്കൽ കോളജിൽ ഭരണം പിടിച്ചതും അതിനൊക്കെ അപ്പുറം കൂത്തുപറമ്പ് വെടിവയ്‌പ്പിൽ പാർട്ടി പ്രതിസ്ഥാനത്ത് നിർത്തിയ എംവി ആറിനെ രണ്ട് പതിറ്റാണ്ടിനുശേഷം രാഷ്ട്രീയാലിംഗനം ചെയ്‌തതും പുഷ്‌പനും കേരളവും കണ്ടതാണ്. അദ്ദേഹത്തിന്‍റെ മകൻ എംവി നികേഷ് കുമാറിന് നിയമസഭ സീറ്റ് സമ്മാനിക്കുന്നതിനും പാർട്ടിക്കപ്പുറം ഒരു വാക്ക് ഇല്ലാത്ത പുഷ്‌പൻ ദൃക്‌സാക്ഷിയായി.
29 വർഷത്തെ കിടപ്പ് ജീവിതത്തിന്‍റെ സഹനമാകാം അതിനുവേണ്ടി മനസിനെ പാകപ്പെടുത്തിയത്. ഏറ്റവും ഒടുവിൽ പുഷ്‌പൻ വിടപറയുന്നതിന് തൊട്ട് മുമ്പ് എംവിആറിന്‍റെ മകൻ എംവി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ല കമ്മിറ്റിയിലും പ്രത്യേക ക്ഷണിതാവ് ആയി. കൂത്തുപറമ്പ് സംഭവത്തെ രാഷ്ട്രീയമായി കൈവിട്ടെങ്കിലും പാർട്ടി വേദികളിൽ പുഷ്‌പന്‍ ഇന്നും ആഘോഷിക്കപ്പെടാറുണ്ടായിരുന്നു.
കൂത്തുപറമ്പ് വെടിവയ്‌പ്പ്: 1994 നവംബർ 25 ഒരു വെള്ളിയാഴ്‌ചയായിരുന്നു. മഞ്ചേശ്വരം മുതൽ പാറശാല വരെ പ്രതിഷേധം അലയടിച്ച ദിനം. കൂത്തുപറമ്പിന്‍റെ മണ്ണിൽ വെടിയേറ്റ് പിടഞ്ഞ മനുഷ്യന്‍റെ ചോര പടർന്നൊഴുകി മണ്ണുകറുത്ത ദിനം. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ മന്ത്രിമാരെ വഴിയിൽ തടയാൻ ഡിവൈഎഫ്ഐ സമരം പ്രഖ്യാപിച്ച സമയം.
കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് ശാഖ ഉദ്ഘാടനത്തിന് എത്തേണ്ടിയിരുന്നത് രണ്ട് മന്ത്രിമാർ എംവി രാഘവനും എൻ രാമകൃഷ്‌ണനും. ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എൻ രാമകൃഷ്‌ണൻ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്ന് പിൻവാങ്ങുന്നു. പഴയ വിപ്ലവ വീര്യം ചോരാതെ പിന്മാറാൻ കൂട്ടക്കാതെ രാഘവൻ.
മന്ത്രിയുടെ വരവ് കണക്കിലെടുത്ത് കൂത്തുപറമ്പിലും പരിസരത്തും വൻ പൊലീസ് സന്നാഹം. രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ. പകൽ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി ചാർജ്, തിരിച്ചു കല്ലേറ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചിതറി ഓടിയവർക്കിടയിലൂടെ വഴി ഉണ്ടാക്കി മന്ത്രിയുടെ വാഹനം ടൗൺ ഹാളിലേക്ക്. മന്ത്രി ഹാളിൽ കയറുന്നതിനിടെ റോഡിൽ വെടിവയ്‌പ്പ് തുടങ്ങി. ഹാളിനുള്ളിലും ലാത്തിച്ചാർജ്. പലരും അടിയേറ്റ് വീണു. പൊലീസുകാർ ഒരുക്കിയ വലയത്തിനുള്ളിൽ നിന്നും നിലവിളക്ക് കൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്‌ത എംവിആർ 13 മിനിറ്റ് പ്രസംഗിച്ചു.
സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്ക് ഇറങ്ങിയ മന്ത്രി തിരിച്ച് കണ്ണൂരിലേക്ക്. ഇതിനിടയിൽ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞ് പോകാതിരുന്ന ജനക്കൂട്ടത്തിന് നേരെ വീണ്ടും വെടിവയ്‌പ്പ് തുടങ്ങി.
രണ്ട് മണിക്കൂറോളം തുടർന്ന വെടിവയ്‌പ്പിനൊടുവിൽ ഡിവൈഎഫ്ഐ ജില്ല വൈസ് പ്രസിഡന്‍റ് കെകെ രാജീവൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം കെവി റോഷൻ പ്രവർത്തകരായ വി മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ മരിച്ചു വീണു. പുഷ്‌പൻ മാങ്ങാട്ടിടം, മാങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണം പുങ്ങാം ചേരി പ്രസാദ് എന്നിവർക്ക് പരിക്കേറ്റു.