വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്‌തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്‌തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്‌തതെന്നാണ് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവാത്തതാണെന്ന് ഗുണഭോക്താക്കൾ പറഞ്ഞു.
മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്‌തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. 5 ഓളം കുടുംബങ്ങൾക്ക് നൽകിയ ഭക്ഷ്യ കിറ്റുകളാണ് പുഴുവരിച്ച നിലയിലാണെന്ന് പരാതി ഉയർന്നിരിക്കുന്നത്.
സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. പഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിൽ വലിയ തോതിൽ സംഘർഷമുണ്ടായി. സംഘർഷത്തെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
5 കുടുംബങ്ങളോടും പഞ്ചായത്ത് അധികൃതകർ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വിമുഖത കാണിച്ചതിനെ തുടർന്ന് പ്രതിഷേധം കടുക്കുകയായിരുന്നു. പിന്നീട് മാപ്പ് പറയാമെന്ന ധാരണയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് തന്നെ 5 കുടുംബങ്ങൾക്കും ഭക്ഷണ കിറ്റ് നൽകുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.
അതേസമയം, പ്രതിഷേധക്കാർ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പ്രതിഷേധ മാർച്ചിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവർ ആരോപിച്ചു. അരി നൽകിയത് റവന്യൂ വകുപ്പാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ പറഞ്ഞു. 'ജില്ലയിലെ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്താണ് മേപ്പാടിയിലേത്. എവിടെയാണ് വീഴ്ച്ച വന്നതെന്ന് പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും' ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഉത്തരവാദിത്വം വിതരണക്കാർക്കെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. പഞ്ചായത്തും അധികൃതരും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം വിതരണം ചെയ്യണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Also Read:പാലക്കാട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപണം; ഇടപെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ