എറണാകുളം: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കൊച്ചിയിൽ 1749 രൂപയായി.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അഞ്ച് കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 12.50 രൂപയും വര്‍ധിപ്പിച്ചു. പുതുക്കിയ വില തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 30) അര്‍ധ രാത്രിയോടെ തന്നെ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം സിലിണ്ടറിന്‍റെ വിലയിൽ 100 രൂപയോളം വർധനവാണ് ഉണ്ടായത്.
ജൂലൈ മാസത്തിൽ പാചക വാതക സിലിണ്ടറിന് 30 രൂപ കുറച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഓഗസ്റ്റില്‍ 8.50 രൂപയും സെപ്‌റ്റംബർ മാസത്തിൽ 39 രൂപയും സിലണ്ടറിന് വർധിപ്പിച്ചു. ഇതിനു പുറമെയാണ് ഇപ്പോള്‍ 48 രൂപ വർധിപ്പിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിലവിലെ വില വർധനവ് ചെറുകിട, ഇടത്തരം ഹോട്ടലുകൾ ഉൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഹോട്ടൽ വിഭവങ്ങൾക്ക് വില വർധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലന്നാണ് വ്യാപാരികൾ പറയുന്നത്. വിലവർധനവാകട്ടെ സാധാരണക്കാരായ ഉപഭോക്താക്കളെയാണ് പ്രതികൂലമായി ബാധിക്കുക. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.