കോഴിക്കോട്: വിദ്യാർഥികളോട് പരുഷമായി മാത്രം പെരുമാറുന്ന ബസ് ജീവനക്കാരെയും തിരിച്ച് അവരോട് തർക്കിക്കുന്ന വിദ്യാർഥികളെയുമാണല്ലേ ദിവസവും നാം കാണാറുള്ളത്. ഒരിക്കലെങ്കിലും വിദ്യാർഥികളായിരിക്കെ നമ്മളും ബസ് ജീവനക്കാരോട് തർക്കിച്ചിട്ടുണ്ടാകും. എന്നാൽ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന്‍റെ ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യൽ മീഡിയയിലെ ട്രെന്‍ഡിങ്.
കോഴിക്കോട് വെള്ളിമാട് കുന്നിലെ കാഴ്‌ചയാണിത്. വെള്ളിമാട്‌കുന്ന് നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ഐഡിയൽ ബസില്‍ നിന്നുള്ളതാണ് വേറിട്ട ഈ കാഴ്‌ച. ദിവസം യാത്ര ചെയ്യുന്ന ബസിലെ ജീവനക്കാര്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍.
മൂന്ന് വര്‍ഷമായി രണ്ട് നേരം ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളാണ് ഈ സര്‍പ്രൈസ് ഗിഫ്‌റ്റ് നല്‍കിയിട്ടുള്ളത്. സമ്മാനം ലഭിച്ചതാകട്ടെ ബസിലെ ഡ്രൈവറായ മുരളിക്കും കണ്ടക്‌ടറായ അനിലിനും. ജെഡിടി കോളജിലെ എംഎൽടി വിദ്യാര്‍ഥികളായ നസ്രിൻ, ഹിബ, റിസ്‌വ, റിസ എന്നിവരാണ് സമ്മാനമായി ചേട്ടന്മാര്‍ക്ക് മുണ്ടും ഷര്‍ട്ടും സമ്മാനിച്ചത്.
നാല് പേരുടെയും കോളജ് വിദ്യാഭ്യാസം ഇപ്പോൾ പൂർത്തിയായി. പഠന കാലത്ത് തങ്ങളെ ചേർത്തുപിടിച്ചതിനുള്ള സ്‌നേഹ സമ്മാനമാണിത്. ക്ലാസിന്‍റെ അവസാന ദിവസമായ ശനിയാഴ്‌ച രാവിലെ ബസിൽ കയറിയ ഉടനെ ഡ്രൈവർ ചേട്ടനും കണ്ടക്‌ടർ ചേട്ടനും ഇവർ സമ്മാനം നീട്ടി. ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് സന്തോഷത്തോടെ അവർ ആ സമ്മാനം സ്വീകരിച്ചു.
ഇത്രയും വർഷത്തെ ബസ് ജീവിതത്തിനിടയിൽ ആദ്യത്തെ അനുഭവമായിരുന്നു ഇരുവർക്കും ആ സമ്മാനങ്ങൾ. അതവരുടെ കണ്ണും മനസും നിറച്ചു. വിദ്യാർഥികളോട് ഒരിക്കൽ പോലും മോശമായി പെരുമാറാത്ത ബസിലെ ജീവനക്കാർ പെട്ടെന്ന് തന്നെ കുട്ടികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു. അതാണ് അവർക്ക് ഇങ്ങനൊരു സമ്മാനം നൽകാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചതും.
ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു. നിമിഷ നേരം കൊണ്ടാണ് ആ വീഡിയോ വൈറലായത്. ഇപ്പോൾ ഐഡിയൽ ബസിലെ അനിലും മുരളിയും അവർക്ക് സമ്മാനം നൽകിയ നസ്രിയയും,റിസ്‌വയും, റിസയുമാണ് ഹിബയുമാണ് സോഷ്യൽ മീഡിയയിലെ താരങ്ങൾ.
Also Read: ക്ലാസ് മുറിയിലെ ചിരികൾ നോട്ട്ബുക്കിന്‍റെ പുറംചട്ടയിലാക്കി അധ്യാപകൻ; വണ്ടറടിച്ച് കുട്ടികൾ