തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യുദ്ധമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഈ പോരാട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം. തിരുവനന്തപുരത്ത് കോൺഗ്രസിന്‍റെ ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയെ ഇങ്ങോട്ടേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. വരുന്ന തെരഞ്ഞെടുപ്പ് എൻഡിഎയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണ്. ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ സാന്നിധ്യം പല ഘട്ടത്തിലും അനിവാര്യമായിരുന്നു. കേരളത്തിലെ ജനങ്ങളുടെ പിന്തുണ നൽകിയ ഊർജമാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള പോരാട്ടത്തിന് രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുന്നത്.
ഇത്തവണ കേരളത്തിൽ 20 സീറ്റുകളും നേടാനുള്ള പ്രവർത്തനം വേണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ അഴിമതി നിറഞ്ഞതാണ്. തെലങ്കാനയിലെ കെസിആറില്‍ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ പാഠങ്ങൾ തേടുന്നത്. കേരളത്തിൽ കോൺഗ്രസ് പ്രവർത്തകരെ കമ്മ്യൂണിസ്റ്റുകാർ ആക്രമിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പോലും പാലിക്കാത്ത സർക്കാരാണ് കേന്ദ്രത്തിലുള്ളത്.
രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരായി ബിജെപിയിൽ ആരും തന്നെയില്ല. രാജ്യത്തിന്‍റെ വികസനത്തിൽ യാതൊരു പങ്കും വഹിക്കാത്ത പാർട്ടിയാണ് ബിജെപി. തെലങ്കനായിൽ 16ൽ 14 സീറ്റുകൾ ഇത്തവണ കോൺഗ്രസ് നേടും. കേരളത്തിലെ മുഴുവൻ സീറ്റുകൾ നേടേണ്ടത് ആവശ്യമാണെന്നും രേവന്ത് റെഡ്‌ഡി കൂട്ടിച്ചേര്‍ത്തു.