തിരുവനന്തപുരം : വയനാട് ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ തുക ഈടാക്കിയതിന് ബാങ്കുകളെ ശാസിച്ച് മുഖ്യമന്ത്രി. ഇഎംഐ തുക ഈടാക്കിയ ബാങ്കുകളുടെ നടപടി ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തബാധിതരുടെ കടബാധ്യത പ്രതിസന്ധി പരിഹരിക്കുന്ന കാര്യം ചർച്ച ചെയ്യാനായി ഇന്ന് തിരുവനന്തപുരം റെസിഡൻസി ടവറിൽ നടത്തിയ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു സാഹചര്യത്തിൽ യാന്ത്രികമായി മാറരുതെന്ന് ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വായ്‌പകൾ എടുത്തവർക്ക് തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. അവധി നീട്ടി കൊടുക്കലോ, പലിശയിൽ ഇളവോ നൽകിയിട്ട് കാര്യമില്ല. വായ്‌പ എടുത്ത പലരും ജീവനോടെ ഇല്ല. മറ്റ് പലർക്കും എല്ലാം നഷ്‌ടപ്പെട്ടു. വായ്‌പകൾ എഴുതി തള്ളണമെന്നും അദ്ദേഹം പറഞ്ഞു.
വായ്‌പകൾ എഴുതി തള്ളാനുള്ള കേരള ബാങ്കിന്‍റെ തീരുമാനം മറ്റുള്ളവർ മാതൃകയാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് ദുരന്തം ദുരിതങ്ങളുടെ പട്ടികയിൽ അപൂർവമായ സംഭവമാണ്. വലിയ കാർഷിക ഭൂമി ആയിരുന്നു പ്രദേശം. അപകടം ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിയെന്നും ഇക്കാര്യങ്ങൾ എല്ലാം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത ബാധിതരുടെ കട ബാധ്യതയുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് നബാർഡ്, റിസർവ് ബാങ്ക് പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗമാകും തീരുമാനമെടുക്കുക.
ദുരന്തബാധിതരുടെ അക്കൗണ്ടിൽ നിന്നും ഓട്ടോ ഡെബിറ്റായി ഇഎംഐ തുക ഈടാക്കിയ സംഭവത്തിൽ യുവജനസംഘടനകളുടെ നേതൃത്വത്തിൽ കല്‌പറ്റ ഗ്രാമീണ ബാങ്ക് ബ്രാഞ്ചിൽ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് സർക്കാർ തന്നെ ദുരന്ത ബാധിതരിൽ നിന്നും തുക ഈടാക്കിയ സംഭവത്തിൽ വിമർശനം ഉന്നയിച്ചത്. ദുരന്തബാധിതരുടെ വായ്‌പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമോയെന്ന കാര്യത്തിൽ ഇന്നത്തെ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയാകും നിർണായക തീരുമാനമെടുക്കുക.