തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ തെരച്ചിൽ ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ ഉണ്ടായതിന് ശേഷം കാണാതായവരെ കണ്ടെത്താനുള്ള സാധ്യതകളൊന്നും ബാക്കി നിർത്താതെയുള്ള തെരച്ചിലാണ് ഇതുവരെ അവിടെ നടന്നിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഊർജിതമായ തെരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകൽ നിലമ്പൂർ വരെയും ചാലിയാർ കേന്ദ്രീകരിച്ചുമാണ് ഇന്ന് തിരച്ചിൽ നടത്തിയത് എന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സൈന്യം, വനംവകുപ്പ്, ഫയർഫോഴ്‌സ് എന്നിവരടങ്ങിയ സംഘങ്ങളെയാണ് തെരച്ചിലിന് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്. സൂചിപ്പാറ മുതൽ പോത്തുകൽ വരെയുള്ള ദുർഘടമായ മേഖലകളിലേക്ക് പ്രത്യേകിച്ചും രക്ഷാപ്രവർത്തകർക്ക് ഇതുവരെ കാര്യമായി എത്തിപ്പെടാൻ സാധിക്കാഞ്ഞ സൺറൈസ് വാലിയിലേക്കും തെരച്ചിൽ സംഘത്തെ ഹെലികോപ്‌റ്ററിലാണ് എത്തിക്കുന്നത്.
പരിശോധിക്കാത്ത ഒരു മേഖലയും ഈ പ്രദേശങ്ങളിൽ ഉണ്ടാകരുത് എന്നതാണ് ലക്ഷ്യം. അതേസമയം മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ച 10,11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിന് നാട്ടുകാരുടേയും സന്നദ്ധപ്രവർത്തകരുടേയും ഭാഗത്ത് നിന്ന് വലിയ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം ഏകോപിപ്പിച്ചുകൊണ്ട് മന്ത്രിസഭ ഉപസമിതി കാര്യക്ഷമമായി ഇടപെടുന്നുണ്ട്.
ഇന്നലെ (ഓഗസ്‌റ്റ് 5) തെരച്ചിലിൽ 6 മൃതദേഹങ്ങൾ ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224 ൽ എത്തിയെന്നും, തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും പുത്തുമലയിൽ ഹാരിസൺ മലയാളം പ്ലാന്‍റേഷൻ ലിമിറ്റഡിലെ ശ്‌മശാനത്തിൽ സർവമത പ്രാർഥനയോടെ സംസ്‌കരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ നിന്നും 150 നിലമ്പൂരിൽ നിന്നും 76 മൃതദേഹളാണ് ഇതേവരെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. വയനാട്ടിൽ നിന്നും 24 നിലമ്പൂരിൽ നിന്നും 157 അങ്ങനെ 181 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവു ചെയ്യുന്നതിന് കൂടുതൽ സ്ഥലം ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ വയനാട് ജില്ലാ കലക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാലിയാർ നദിയുടെ ഇരുകരകളിലും വനമേഖലകളിലും തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും ശക്തമാക്കാൻ ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്‌റ്റ്‌ഗാർഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചർച്ച ചെയ്‌ത് മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനും ഇന്നലെ ചേർന്ന മന്ത്രിസഭ ഉപസമിതി യോഗം നിർദേശം നൽകിയിട്ടുണ്ട്.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തി ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്ന നടപടികൾ സ്വീകരിക്കും. പുതിയ ക്രിമിനൽ നിയമ സംഹിതയുടെ വെളിച്ചത്തിൽ ഡിഎൻഎ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്നും പരിശോധിക്കും.
ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ സ്‌കൂൾ ക്യാമ്പുകളിൽ നിന്ന് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. സ്‌കൂൾ പഠനം മുടങ്ങും എന്നത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിത മേഖലയിൽ നിന്ന് വിലപിടിപ്പുള്ള വസ്‌തുക്കൾ വീണ്ടെടുക്കാൻ സാധിക്കുമെങ്കിൽ പൊലീസിന്‍റെ സാന്നിധ്യത്തിൽ അതിന് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതർക്കായി കൗൺസിലിങ് : ദുരന്തമേഖലയിലെ ജനങ്ങൾക്ക് കൗൺസിലിങ് നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 2391 പേർക്ക് ഇതുവരെ കൗൺസിലിങ് നൽകാനായി. മാത്രമല്ല കുട്ടികൾക്കായി പ്രത്യേക പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കാൻ കുട്ടിയിടം എന്ന പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്. ദുരിതബാധിത മേഖലയിലെ കുട്ടികൾക്ക് സ്‌കൂൾ ബാഗ് പുസ്‌തകങ്ങൾ അടങ്ങിയ കിറ്റും നൽകും.
അതേസമയം ഫോൺ നഷ്‌ടപ്പെട്ടവർക്ക് പുതിയ ഫോണും സിമ്മും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ദുരന്തമേഖലയിൽ സൗജന്യ റേഷനും എത്തിക്കും. സെപ്‌റ്റംബർ 2 മുതൽ 12 വരെ നടത്തുന്ന ഒന്നാം പാദ പരീക്ഷ മുണ്ടക്കൈ, വെള്ളാർമല സ്‌കൂളുകളിൽ മാറ്റിവെച്ചു. പരീക്ഷ പിന്നീട് നടത്തും. അതുപോലെ തന്നെ വെള്ളാർമല സ്‌കൂൾ അതേ പേരിൽ പുനർനിർമിക്കുമെന്നും, ഉരുൾപൊട്ടൽ മേഖലയിൽ സുരക്ഷ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്ത ബാധിത പ്രദേശങ്ങളിൽ സൗജന്യ വൈദ്യുതി: ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത 6 മാസത്തേക്ക് സൗജന്യ വൈദ്യുതി നൽകാൻ കെഎസ്ഇബിക്ക് നിർദേശം നൽകി. വൈദ്യുതി ചാർജിൽ കുടിശ്ശിക ഈടാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.