തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ കാര്യപരിപാടികള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന കാര്യോപദേശക സമിതി (ബിസിനസ് അഡ്‌വൈസറി കമ്മിറ്റി-ബിഎസി) യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലിടഞ്ഞു (CM And Opposition Leader Quarrel).
ഫെബ്രുവരി 9 ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെയും പ്രതിപക്ഷ നേതവ് വി ഡി സതീശന്‍റെയും നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സമരാഗ്നി എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ബജറ്റ് അവതരണം ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ഫെബ്രുവരി 5 ല്‍ നിന്ന് ഫെബ്രുവരി 2 ലേക്കു മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് ഇരുവരും തമ്മില്‍ വാക്‌പോരു തുടങ്ങിയത്.
പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി ഭരണ പക്ഷം സഹകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞപ്പോള്‍ ഭരണ പക്ഷത്തോട് നിങ്ങളും നല്ല സഹകരണമാണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതോടെ അത്തരം സംസാരം വേണ്ടെന്നായി പ്രതിപക്ഷ നേതാവ്. എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും നിങ്ങളുടെ ഉപദേശം ആവശ്യമില്ലെന്നും മറുപടി നല്‍കി പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചിറങ്ങിപ്പോയി.
എന്നാല്‍ മുഖ്യമന്ത്രിയും സ്‌പീക്കറും ഭരണ കക്ഷി നേതാക്കളും ഉള്‍പ്പെട്ട കാര്യോപദേശക സമിതി പിന്നാലെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. ബജറ്റിനു പകരുമുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി ഫെബ്രുവരി 15 ന് നിയമസഭ പിരിയും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏതു സമയവും പ്രഖ്യാപിക്കാനിടയുള്ള സാഹചര്യവും യോഗം പരിഗണിച്ചു.
മാര്‍ച്ച് 27 വരെ 32 ദിവസം സമ്മേളിച്ച് സമ്പൂര്‍ണ ബജറ്റ് പാസാക്കി പിരിയാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ബജറ്റ് പാസാക്കുന്നതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. മിക്കവാറും ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാകും അത്തരത്തിലൊരു സമ്മേളനത്തിനു സാദ്ധ്യത.